ദുബായ് - യു.എ.ഇ ദേശീയ ദിന അവധിദിനങ്ങളില്‍ അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് സീരീസ് 258 ല്‍ ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി 15 ദശലക്ഷം ദിര്‍ഹം (35 കോടി രൂപ) നേടി. നവംബര്‍ 27 നാണ് ആശിഷ് മൊഹോള്‍ക്കര്‍ 223090 എന്ന നമ്പരിലുള്ള ടിക്കറ്റ് വാങ്ങിയത്. നറുക്കെടുപ്പ് ഷോയുടെ അവതാരകനില്‍നിന്ന് കോള്‍ വന്നപ്പോള്‍ ആശിഷിന് വിശ്വസിക്കാനായില്ല.
ഞാന്‍ ശരിക്കും വിജയിയാണോ എന്നായിരുന്നു അവതാരകനായ റിച്ചാര്‍ഡിനോടുള്ള ആവര്‍ത്തിച്ചുള്ള ചോദ്യം. പിന്നീട് ജേതാവെന്ന് സ്ഥിരീകരിക്കുന്നത് വരെ സംശയം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ദുബായില്‍ അക്കൗണ്ട്‌സ് മാനേജറായ ആശിഷ് കഴിഞ്ഞ രണ്ടു വര്‍ഷം ഇന്ത്യയിലായിരുന്നു. ബൈടുഗെറ്റ്‌വണ്‍ഫ്രീ പ്രമോഷനിലൂടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. വിജയിച്ച നമ്പര്‍ സൗജന്യ ടിക്കറ്റായിരുന്നു.
തന്റെ ഭാവി പദ്ധതികള്‍ അമ്മയോടും ഭാര്യയോടും ആലോചിച്ച് തീരുമാനിക്കുമെന്ന് ആശിഷ് പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളില്‍ മലയാളി മിലു കുര്യനും നേപ്പാള്‍, ഫലസ്തീന്‍ സ്വദേശികളും ജേതാക്കളായി. മിലു കുര്യന്‍ ഓണ്‍ലൈനായി വാങ്ങിയ 006898 എന്ന ടിക്കറ്റ് റേഞ്ച് റോവര്‍ വെലാര്‍ സ്വന്തമാക്കി. മറ്റുള്ളവര്‍ക്ക് 590,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണ സമ്മാനങ്ങളാണ് ലഭിച്ചത്.






