ഫുജൈറ - താമസസ്ഥലത്ത് അതിക്രമിച്ച് കയറി പുരുഷനെ ആക്രമിക്കുകയും കൈകൊണ്ട് മുഖത്ത് മാന്തി പരിക്കേല്‍പിക്കുകയും ചെയ്ത കേസില്‍ യുവതിക്ക് രണ്ട് മാസം തടവും 3,000 ദിര്‍ഹം പിഴയും വിധിച്ചു. ഫുജൈറ ഫെഡറല്‍ കോടതിയുടേതാണ് വിധി. പരിക്കുകള്‍ കാരണം 20 ദിവസത്തിലധികം ആക്രമിക്കപ്പെട്ടയാള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
തന്റെ താമസസ്ഥലത്ത് പ്രവേശിച്ച് പ്രകോപനം കൂടാതെ ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതി തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. പോലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പേള്‍ ശാരീരികമായി ആക്രമിച്ചു.
പോലീസ് പ്രതിയെ വിളിച്ചുവരുത്തിയപ്പോള്‍, അവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. അന്വേഷണത്തിനിടെ തന്റെ മൊഴികള്‍ പിന്‍വലിക്കുകയും കുറ്റം നിഷേധിക്കുകയും ചെയ്തു. മാര്‍ക്കറ്റില്‍നിന്ന് അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകുമ്പോള്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ തന്നെ ആക്രമിക്കുകയുമായിരുന്നുവെന്ന് പ്രതി മാറ്റിപ്പറഞ്ഞു. കെട്ടിടത്തിന്റെ എലിവേറ്ററില്‍ വെച്ചും ആക്രമിച്ചു. സ്വയം പ്രതിരോധിക്കാനാണ് മുഖത്ത് മാന്തിയത്.
മുഖം, നെറ്റി, ഇടത് ചെവി, കഴുത്ത് എന്നിവിടങ്ങളില്‍ ഒന്നിലധികം പോറലുകള്‍ സ്ഥിരീകരിക്കുന്ന മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് ഇര ഹാജരാക്കി.