തൃശൂർ- ശബരിമല തീർഥാടകരെന്ന വ്യാജേന അഞ്ചു കിലോ തിമിംഗല ഛർദി (ആംബർ ഗ്രീസ്) കാറിൽ കടത്തുകയായിരുന്ന മൂന്നുപേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് പിടികൂടി. കൊയിലാണ്ടി മരക്കാട്ടുപൊയിൽ ബാജിൻ (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുൽ (26), കോഴിക്കോട് അരിക്കുളം രാമപാട്കണ്ടി അരുൺദാസ് (30) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസും, ഗുരുവായൂർ ടെമ്പിൾ പോലീസും ചേർന്ന് പിടികൂടിയത്. 1972 ലെ വന്യജീവി (സുരക്ഷ) നിയമ പ്രകാരം ഇന്ത്യയിൽ തിമിംഗല ഛർദിൽ കൈവശം വെക്കുന്നതും, വിൽപന നടത്തുന്നതും നിരോധിച്ചിട്ടുള്ളതാണ്. തിമിംഗലഛർദിൽ വാങ്ങാനുള്ള ഏജന്റുമാർ എന്ന വ്യാജേനയാണ് പ്രതികളെ കുടുക്കിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 5 കിഗ്രാം തിമിംഗലഛർദിൽ കണ്ടെടുത്തു. തിമിംഗലഛർദിൽ വാങ്ങാനെത്തുന്നവരെ വിശ്വസിപ്പിക്കാനായി ശബരിമല ദർശനത്തിന് പോകുന്നവരുടെ വേഷത്തിലായിരുന്നു പ്രതികൾ എത്തിയിരുന്നത്. ഇവർ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുവായൂർ ടെമ്പിൾ പോലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും.