കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ സതി എന്ന വേഷത്തിലൂടെ ശ്രദ്ധേയയായ ഷീല രാജ്കുമാര് വിവാഹമോചിതയാകുന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഷീല വിവാഹമോചന വാര്‍ത്ത പങ്കുവെച്ചത്.
'ഞാന്‍ വിവാഹ ബന്ധം അവസാനിപ്പിക്കുന്നു. നന്ദിയും സ്നേഹവും'.. ഷീല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഭര്‍ത്താവ് തമ്പി ചോളനെ ടാഗ് ചെയ്താണ് ഷീല എക്സില്‍ പോസ്റ്റ് പങ്കുവെച്ചത്. സിനിമയുടെ സഹസംവിധായകനായ തമ്പി ചോളന് നിലവില്‍ അഭിനയ ശില്പശാല നടത്തുകയാണ്.
2014ലായിരുന്നു ഇരുവരുടേയും വിവാഹം. തമ്പി ചോളന്റെ ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു ബോട്ടിലായിരുന്നു ഇരുവരുടേയും വിവാഹച്ചടങ്ങ്.
നാടകത്തിലൂടെയാണ് ഷീല വെള്ളിത്തിരയിലെത്തുന്നത്. 2016ല്‍ ആറാത്തു സിനം എന്ന ചിത്രത്തിലൂടെ അരങ്ങേറി. ടു ലെറ്റ് എന്ന ചിത്രത്തിലെ അമുദ എന്ന കഥാപാത്രത്തിലൂടെ ഷീല ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. മണ്ഡേല, പിച്ചൈക്കാരന്‍, ജോതി, നൂഡില്‍സ് എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അടുത്തിടെ റിലീസായ ജിഗര്‍തണ്ടാ ഡബ്ള്‍ എക്സ് അതിഥി റോളിലുമെത്തിയിരുന്നു.






