ദോഹ- കോട്ടക്കൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളേജ് ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സബീലുൽ ഹിദായ ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട സ്ഥാപന അഭ്യുദയ കാംക്ഷികളുടെ സംഗമം സബീലി-2023 സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
കോളേജ് പ്രചാരണ ഭാഗമായി ദോഹയിലെത്തിയ ജനറൽ സെക്രട്ടറി സി.എച്ച് ബാവ ഹുദവി, വർക്കിംഗ് സെക്രട്ടറി ടി.അബ്ദുൽ ഹഖ് മുഖ്യാതിഥികളായി സംബന്ധിച്ചു. കോളേജിന്റെ അഭ്യുദയകാംക്ഷികളും സഹകാരികളുമായ ഇരുനൂറിലേറെ പേർ സന്നിഹിതരായ ചടങ്ങ് കേരള ഇസ്‍ലാമിക് സെന്റർ ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ മാലിക് ഹുദവി ക്ലാരി ഉദ്ഘാടനം ചെയ്തു. പരേതനായ ബാപ്പുട്ടി ഉസ്താദിന്റെ ജീവിത ലക്ഷ്യം വിജ്ഞാന പ്രസരണമായിരുന്നെന്നും മുന്നൂറിലേറെ വിദ്യാർഥികൾ ജ്ഞാന സന്ധാരണം നടത്തുന്ന പറപ്പൂർ സബീലുൽ ഹിദായ ഇസ്‍ലാമിക് കോളേജ് അതിന്റെ ജീവിക്കുന്ന അടയാളമാണ് സ്ഥാപനം ദാറുൽ ഹുദയുമായി ബന്ധപ്പെടുത്തുന്നതിന് നിമിത്തമായതെന്നും അദ്ദേഹം അനുസ്മരിച്ചു.
അബ്ദുറസാഖ് മുസ്‍ലിയാർ പറവണ്ണ ബാപ്പുട്ടി ഉസ്താദിന്റെ വിജ്ഞാന വഴികളും ദീനി സമർപ്പണവും വിശദീകരിച്ച് സംസാരിച്ചു. ബാപ്പുട്ടി ഉസ്താദും വിദ്യാഭ്യാസ സ്വപ്‌നങ്ങളും എന്നതിനെ വിശദമായി പ്രതിപാദിച്ചു കൊണ്ട് സബീലുൽ ഹിദായ വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹഖ് സംസാരിച്ചു. സബീൽ ഡോക്യുമെന്ററി പ്രദർശനവും സമൂഹത്തിന് സബീൽ എന്തു നൽകി എന്നതിനെക്കുറിച്ച് സാദിഖ് ഹുദവി മേലാറ്റൂരും സംസാരിച്ചു.
സബീൽ ഖത്തർ ചാപ്റ്റർ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി വി.ടി.എം സാദിഖ് അവതരിപ്പിച്ചു. മുന്നേറാനുള്ള ലക്ഷ്യത്തെ ക്കുറിച്ച് അബ്ദുൽ മജീദ് ഹുദവി പുതുപ്പറമ്പ് സംസാരിച്ചു.
സ്ഥാപനത്തിൽ നിന്ന് ബിരുദമെടുത്ത് ജോലി ആവശ്യാർഥം ഖത്തറിൽ എത്തി അകാലത്തിൽ പിരിഞ്ഞ നൗഫൽ ഹുദവി വേങ്ങരയുടെ അനുസ്മരണം ഉസ്മാൻ ഹുദവി കോട്ടുമല നിർവഹിച്ചു. സി.എച്ച് ബാവ ഹുദവി ആത്മീയോപദേശം നൽകി പ്രാർഥന നിർവഹിക്കുകയും പുതിയ കമ്മിറ്റി പ്രഖ്യാപനവും നടത്തുകയും ചെയ്തു.
ഖത്തർ ചാപ്റ്റർ പ്രസിഡന്റ് സൈനുദ്ദീൻ തങ്ങൾ എടരിക്കോട് അധ്യക്ഷത വഹിച്ചു. കെ.ഐ.സി സെക്രട്ടറി സകരിയ മാണിയൂർ, മുഹമ്മദലി ഹാജി, കെ.എം.സി.സി നേതാക്കളായ എസ്.എ.എം ബഷീർ, സലീം നാലകത്ത്, പി.പി അബ്ദുൽ റശീദ് ഹാജി, ബഷീർ ഹുദവി സംസാരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി സൈനുദ്ദീൻ തങ്ങൾ പ്രസിഡന്റ്, പി.പി അബ്ദു റഷീദ് ഹാജി ജനറൽ സെക്രട്ടറി, മുഹമ്മദ് ഷാഫി ഹാജി വേങ്ങര ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.






