Sorry, you need to enable JavaScript to visit this website.

വരന് ലഭിച്ചത് അപൂർവ സമ്മാനം, അനിയത്തി വരച്ച ഛായാചിത്രം

ആമിന സുമൻ

ജ്യേഷ്ഠന് കൊച്ചനുജത്തിയുടെ സവിശേഷമായ വിവാഹ സമ്മാനം. നവംബർ 25 ശനിയാഴ്ച രാമനാട്ടുകര കെ. ഹിൽസ് റിസോർട്ടിൽ മാനന്തവാടി താഴെ കണിയാരത്ത് മസ്‌കാൻ ഹൗസിൽ താമസിക്കുന്ന അബ്ദുൽ നാസറിന്റേയും ശമീമയുടേയും മകൻ മുഹമ്മദ് ഫറാഷും വടക്കാങ്ങര സ്വദേശി ഹംദയും തമ്മിലുള്ള വിവാഹം നടന്നപ്പോഴാണ് ഫറാഷിന്റെ ഇളയ സഹോദരി ആമിന സുമൻ നവദമ്പതികളുടെ ജലഛായത്തിൽ തീർത്ത മനോഹരമായ പോർട്രെയിറ്റ് സർെ്രെപസ് സമ്മാനമായി നൽകി എല്ലാവരേയും വിസ്മയിപ്പിച്ചത്. 
വരന്റേയും വധുവിന്റേയും ഫോട്ടോ ശേഖരിച്ച് പൂർണതയുടെ എല്ലാ തലങ്ങളും  അതിസൂക്ഷ്മമായി നിരീക്ഷിച്ചാണ് അധികമാരും കൈവെക്കാൻ ധൈര്യപ്പെടാത്ത ജലഛായത്തിൽ പോർട്രെയിറ്റ് തയാറാക്കാൻ ആമിന മുന്നോട്ടു വന്നത്. തന്റെ കലാവിരുതും കരവിരുതും ഭാവനയുമായി സമന്വയിപ്പിച്ച് തയാറാക്കിയ മനോഹരമായ ശിൽപം സർെ്രെപസായാണ് വേദിയിൽവെച്ച് മാതാപിതാക്കളുടേയും ബന്ധുക്കളുടേയും  സാന്നിധ്യത്തിൽ സമ്മാനിച്ച് കൊച്ചനുജത്തി ശ്രദ്ധേയയായത്. 
കല്യാണ ദിവസം ദമ്പതികൾക്ക് ലഭിച്ച ഏറ്റവും മികച്ച സമ്മാനമായിരുന്നു വരന്റെ കൊച്ചനുജത്തി ജലഛായത്തിൽ തീർത്ത ഈ പെയിന്റിംഗ്.
മാനന്തവാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനായായ ആമിന സുമൻ ചെറുപ്പം മുതലേ ചിത്രകലയിൽ തൽപരയായിരുന്നു. കുട്ടിയുടെ പ്രത്യേക താൽപര്യവും ആവേശവും കണക്കിലെടുത്ത് സ്‌കൂൾ പഠനത്തോടൊപ്പം തന്നെ അവധി ദിനങ്ങളിൽ പ്രത്യേകമായ ആർട്ട് ക്ലാസുകളിലും ചേർത്താണ് രക്ഷിതാക്കൾ ഈ കലാകാരിയെ പ്രോൽസാഹിപ്പിച്ചത്. ആമിനയുടെ കലാപരമായ കഴിവുകൾ മിനുക്കിയെടുക്കുന്നതിൽ വരദ ആർട് ഇൻസ്റ്റിറ്റിയൂട്ടിനും കാര്യമായ പങ്കുണ്ട്. 
അധികം താമസിയാതെ തന്നെ ൈപെൻസിൽ ഡ്രോയിംഗിലും ജലഛായത്തിലും അക്രലിക്കിലുമൊക്കെ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന ഈ പന്ത്രണ്ടാം ക്ലാസുകാരി ജീവിതത്തിലെ വിരസ മുഹൂർത്തങ്ങളെ സാർഥകമാക്കുന്നത് കലാസപര്യയയിലൂടെയാണ്. ബ്രഷും പെയിന്റുമെടുത്തിരുന്നാൽ പരിസരം പോലും മറന്ന് ഭാവനയുടേയും സൗന്ദര്യ സങ്കൽപങ്ങളുടേയും മേഖലകളിൽ എത്ര നേരം വേണമെങ്കിലും ചെലവഴിക്കുവാനാകുമെന്നതിനാൽ ജീവിതം എന്നും സക്രിയവും സന്തോഷകരവുമാക്കുന്നത് തന്റെ വരകളാണെന്നാണ് ആമിന കരുതുന്നത്. 
മാനന്തവാടി താഴെ കണിയാരത്ത് മസ്‌കാൻ ഹൗസിൽ താമസിക്കുന്ന അബ്ദുൽ നാസറിന്റേയും ശമീമയുടേയും നാലു മക്കളിൽ ഏറ്റവും ഇളയവളായ ആമിന െ്രെപമറി തലം  തൊട്ടേ വരകളോട് പ്രത്യേകം ആഭിമുഖ്യം കാണിച്ചിരുന്നു. ചുറ്റും കാണുന്ന കാഴ്ചകളും മനസ്സിനെ സ്വാധീനിക്കുന്ന ദൃശ്യങ്ങളുമൊക്കെ കടലാസുകളിൽ ആവിഷ്‌ക്കരിച്ചായിരുന്നു കല പ്രവർത്തനങ്ങളുടെ തുടക്കം. വിവിധ മീഡിയങ്ങൾ അനായാസം ഉപയോഗിച്ച് ആമിന വരച്ച ചിത്രങ്ങളും തയാറാക്കിയ പെയിന്റിംഗുകളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യാൻ തുടങ്ങിയത് ആമിനയുടെ കലാജീവിതം കൂടുതൽ ഊഷ്മളമാക്കി. പ്രകൃതിയുടെ പ്രതിഭാസങ്ങളും ജീവിതാനുഭവങ്ങളും ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളുമൊക്കെ മികച്ച കലാസൃഷ്ടികൾക്ക് പരിസരമൊരുക്കാമെന്നാണ് ഈ കൊച്ചുകലാകാരിയുടെ സൃഷ്ടികൾ അടയാളപ്പെടുത്തുന്നത്. 

പെൻസിൽ ഡ്രോയിംഗ്, ജലഛായം, ഓയിൽ, അക്രലിക് തുടങ്ങിയ എല്ലാ മാധ്യമങ്ങളും വഴങ്ങുന്ന ആമിന ലാന്റ് സ്‌കേപിംഗ് തരത്തിലുള്ള വർക്കുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്. പ്രകൃതിയുടെ മനോഹാരിതയും പച്ചപ്പിന്റെ സൗന്ദര്യവും പൂക്കളുടെ സൗരഭ്യവുമൊക്കെ അനുഭവവേദ്യമാകുന്ന വരകളും പെയിന്റിംഗുകളും ഏവരേയും ആകർഷിക്കുന്നവയാണ്. പ്രകൃതിയുടെ താളലയങ്ങളും സന്തുലിതത്വവുമാണ് ഏറ്റവും മനോഹരമായ സൃഷ്ടികളുടെ പശ്ചാത്തലമൊരുക്കുന്നത്.
സമകാലിക സംഭവ വികാസങ്ങളുടെ വൈവിധ്യമാർന്ന ആവിഷ്‌കാരങ്ങൾ ഏറെ ഭാവതലങ്ങളുള്ളവയാണ്. ആദർശപ്പോരാളികളുടെ ധൈര്യവും സമരവീര്യവും ധ്വനിപ്പിക്കുന്ന സന്ദേശ പ്രധാനമായ വരകളും ആമിനയുടെ ചിത്രങ്ങളിൽ മുഴച്ചു നിൽക്കുന്നവയാണ്. 
വയനാടിന്റെ മനോഹരമായ പച്ചപ്പും പ്രകൃതിരമണീയതയും ഒപ്പിയെടുത്ത് മാനവരാശിയുടെ സന്തുലിതമായ നിലനിൽപിനാവശ്യമായ ആവാസ വ്യവസ്ഥയുടെ അനിവാര്യതയും ആമിനയുടെ വരകളിൽ വായിച്ചെടുക്കാം. ഭാവനയും സൗന്ദര്യവും സമന്വയിക്കുന്ന ആമിനയുടെ ഓരോ പെയിന്റിംഗും സന്ദേശ പ്രധാനമായ പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്.

Latest News