Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിന്നിടുന്ന വഴിത്താരകൾ നിത്യനൂതനം

പുതിയ ഭൂപ്രകൃതികൾ തേടുന്നതിലല്ല, പുതിയ കണ്ണുകളുണ്ടാവുന്നിടത്താണ് കണ്ടെത്തലുകളുടെ യഥാർത്ഥ യാത്ര. വിഖ്യാതനായ എഴുത്തുകാരൻ മാഴ്്്‌സെൽ പ്രൂസ്റ്റിന്റെ  വാചകമാണിത്. യാത്രയുടെ ഏറ്റവും മനോഹരമായ കാര്യങ്ങളിലൊന്ന്  വ്യത്യസ്ത സംസ്‌കാരങ്ങളിൽ മുഴുകാനുള്ള അവസരമാണ് അതെന്നതാണ്. വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ, ആചാരങ്ങൾ, ജീവിത രീതികൾ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കുന്നതിലൂടെ, നമ്മെ മനുഷ്യരാക്കുന്ന സങ്കീർണതകളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും തിരിച്ചറിവും  യാത്രയിലൂടെ നമ്മളിൽ വർധിതമാകുന്നു. സൂര്യ ചുംബനമേറ്റ് കിടക്കുന്ന കടൽത്തീരങ്ങളും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഉത്തുംഗ ശൃംഗങ്ങളും  സമൃദ്ധമായ വനങ്ങളും ശാന്തമായ തടാകങ്ങളും ഉൾപ്പെടെ, യാത്രകൾ പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ  നമുക്ക് കാട്ടിത്തരുന്നു. ചെറുതാവട്ടെ വലുതാവട്ടെ ഓരോ പുതിയ  യാത്രയും  നിരന്തരം നമ്മുടെ  അകക്കണ്ണ്  തുറപ്പിക്കുന്ന വിസ്മയക്കാഴ്ചകളാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. വിശാലമായ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം തിരിച്ചറിയാൻ അത് നമ്മെ ഏറെ സഹായിക്കുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യ ജീവിതം, ശാസ്ത്രം, ഭാഷകൾ, സംസ്‌കാരങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും നല്ല മാർഗം അവയോടൊത്ത്   ജീവിക്കുക എന്നതാണ്. ഒരിക്കലും ഒരു ക്ലാസ്മുറിയും അത് പോലുള്ള  അഗാധമായ അനുഭവം നമുക്ക് തരില്ല. നമ്മുടെ  മിക്ക  അധ്യാപകരെയും നാം  സ്‌നേഹിക്കുന്നുണ്ട്. എന്നാൽ യാത്രയേക്കാൾ മികച്ച ഒരധ്യാപകനില്ല എന്ന് നാം തിരിച്ചറിയണം.
യാത്രകൾ  സ്വയം കണ്ടെത്തലും വ്യക്തിഗത വളർച്ചയും വലിയ തോതിൽ സാധ്യമാക്കുന്നുണ്ട്. നമ്മുടെ സ്വസ്ഥതയുടെ മേഖലകളിൽ നിന്ന് പുറപ്പെട്ട് പോവുന്ന ഓരോ യാത്രയും  പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാനും  വിലപ്പെട്ട ജീവിത പാഠങ്ങൾ പഠിക്കാനും നമ്മെ പ്രാപ്തമാക്കുന്നു. യാത്ര വിനയം സ്വായത്തമാക്കാനുള്ള ഒരു ക്രാഷ് കോഴ്‌സാണ് എന്ന് നിസ്സംശയം പറയാം. അതിരുകളും കുന്നുകളും കടലും താണ്ടുമ്പോൾ  നമുക്ക് യഥാർത്ഥ ജീവിത വീക്ഷണം ലഭിക്കും. നമ്മുടെ സ്വന്തം ജീവിതത്തിൽ നാം നിസ്സാരമായി കാണുന്ന പലതിന്റേയും യതാർത്ഥ മൂല്യം  തിരിച്ചറിയാനും നന്ദിയുള്ളവരായിരിക്കാനും യാത്രയിൽ നാം  പഠിക്കുന്നു. കൂടാതെ മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നതിനോടുള്ള മതിപ്പും ആദരവും നാം നേടുകയും ചെയ്യുന്നു. സഹിഷ്ണുതയും വഴക്കവും തുറന്ന മനസ്സും ഉള്ളവരായിരിക്കാൻ യാത്ര നമ്മെ പഠിപ്പിക്കുന്നു, എല്ലാറ്റിനുമുപരിയായി അത് നമ്മെ കൂടുതൽ വിനയാന്വിതരാക്കുന്നു.
യാത്രയുടെ സൗന്ദര്യം വിവിധ തുറകളിലുള്ളവരുമായി നാം ഉണ്ടാക്കുന്ന ബന്ധങ്ങളിലാണ്. നാട്ടുകാരുമായും സഹയാത്രികരുമായും ഇടപഴകുന്നത് യഥാർത്ഥ മനുഷ്യ ബന്ധങ്ങളെ ഉണർത്തുകയും സഹാനുഭൂതി വളർത്തുകയും ചെയ്യുന്നു. നാം  അവരുടെ കഥകൾ കേൾക്കുകയും അവരുമായി അനുഭവങ്ങൾ പങ്കിടുകയും ചെയ്യുമ്പോൾ, വ്യത്യാസങ്ങൾക്കിടയിലും നാമെല്ലാവരും സന്തോഷവും സ്‌നേഹവും ആത്മസംതൃപ്തിയും  തേടുന്നുവെന്ന് നാം  മനസ്സിലാക്കുന്നു. ആരോടെങ്കിലും അവരുടെ യാത്രകളെക്കുറിച്ച് ചോദിക്കൂ, ആനന്ദകരമായ  കാഴ്ചകൾ, രുചികരമായ ഭക്ഷണങ്ങൾ, മറക്കാനാവാത്ത അനുഭവങ്ങൾ എന്നിവയെക്കുറിച്ച് അവർ സംസാരിക്കും. യാത്രകൾ, പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള യാത്ര, നിങ്ങൾ വീട്ടിൽ നിന്ന് വിട്ടുപോകുന്ന സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിങ്ങളെ വേർതിരിക്കുന്ന ഒരു ഏകാന്ത സാഹസികതയാണ്. 
എന്നാൽ യാത്ര ഒരു ചെറിയ സമയത്തേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങളിൽ നിന്ന്  വേർപെടുത്തുമെങ്കിലും  അത് മറ്റുള്ളവരെ ജീവിതകാലം മുഴുവൻ നിങ്ങളുമായി ബന്ധിപ്പിക്കും. എത്ര ഹ്രസ്വമായാലും, ഈ ഇടപെടലുകൾക്ക് ശാശ്വതമായ സ്വാധീനം ചെലുത്താനാകും. പുതിയ അറിവുകൾ, പുതിയ ആശയങ്ങൾ, ആജീവനാന്ത സൗഹൃദങ്ങൾ എന്നിവയാൽ ഓരോ ചെറുയാത്രയും നിങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കും.
യാത്ര ഒരു സമ്പന്നമായ മ്യൂസിയമാണെന്ന് പറയാം. സർഗാത്മകതയ്ക്കും പ്രചോദനത്തിനും ഉപകരിക്കുന്ന  സമാനതകളില്ലാത്ത മ്യൂസിയമാണത്. ജീവിതത്തെ യഥാർത്ഥമായി അനുഭവിക്കാനുള്ള ഒരേയൊരു മാർഗം അതിൽ നിന്ന് പുറത്തുകടന്ന് ജീവിക്കുക എന്നതാണ്. പുതിയ ലക്ഷ്യസ്ഥാനങ്ങളിലെ കാഴ്ചകളും ശബ്ദങ്ങളും രുചികളും നമ്മുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും നമ്മുടെ ഉള്ളിൽ സൃഷ്ടിപരമായ ഒരു തീപ്പൊരി ജ്വലിപ്പിക്കുകയും ചെയ്യുന്നു. പുതിയ കാഴ്ചപ്പാടുകളും പുതിയ അഭിനിവേശവുമായാണ് ഓരോ യാത്രയും കഴിഞ്ഞ് നാം  വീട്ടിലേക്ക് മടങ്ങുന്നത്. ഈ അനുഭവങ്ങൾ നമ്മുടെ  കലയിലും എഴുത്തിലും  ദൈനംദിന ജീവിത വീക്ഷണത്തിലും പ്രതിഫലിക്കുക തന്നെ ചെയ്യും.
ചരിത്രം എല്ലാവരുടെയും പ്രിയപ്പെട്ട വിഷയമല്ല-ഒരുപക്ഷേ അതിന് ഭൂതകാലവുമായി എല്ലാ ബന്ധങ്ങളുമുണ്ട്. ചിലർ ഭാവിയിലേക്ക് നോക്കുന്ന തിരക്കിലാണ്. എന്നാൽ ഒരു പുതിയ ഭാവി കെട്ടിപ്പടുക്കാൻ  നിങ്ങൾ ഭൂതകാലത്തിൽ നിന്ന് പഠിക്കണമെന്ന്  പറയാറുണ്ട്. ചരിത്രവുമായി കൈകോർക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല മാർഗം. യാത്രയാണ് അതിനേറ്റവും നല്ല ഉപായം.
ദൈനംദിന ജീവിതത്തിന്റെ പതിവ് ദിനചര്യകളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും വിടുതലാവാൻ യാത്രയെ പോലെ ഉപകരിക്കുന്ന മറ്റൊരു ഉപാധിയില്ല. പിരിമുറുക്കം ലഘൂകരിക്കുന്നതിനു പുറമെ, യാത്ര മാനസികവും ശാരീരികവും വൈകാരികവുമായ ക്ഷീണം  കുറയ്ക്കുന്നു. മെച്ചപ്പെട്ട മസ്തിഷ്‌ക പ്രവർത്തനവും സന്തോഷത്തിന്റെ അളവും ഒരു പോലെ വർധിപ്പിക്കുന്ന ഒറ്റമൂലിയാണ് യാത്രകൾ. പുത്തൻ നാടും വഴികളും അന്വേഷിച്ച് നാം യാത്രയുടെ  ലോകത്തേക്ക് ചുവടുവെക്കുമ്പോൾ, തിരക്കില്ലാതെ ഓരോ അനുഭവവും ആസ്വദിച്ച് വർത്തമാന നിമിഷത്തിൽ ജീവിക്കുന്നതിന്റെ സന്തോഷം   നാം  വീണ്ടും കണ്ടെത്തുകയാണ്.
പുതിയ സംസ്‌കാരങ്ങളും ഭൂപ്രകൃതികളും അനുഭവങ്ങളും നേരറിവാക്കാനുള്ള സവിശേഷമായ അവസരമാണ് യാത്ര വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ആവേശത്തിനിടയിൽ, പലതരം തിരക്കുകളുടെ  ചുഴലിക്കാറ്റിൽ അകപ്പെടാനും അതാത്  നിമിഷത്തിൽ സന്നിഹിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം മറന്ന്  പോവാനും  എളുപ്പമാണ്. യാത്രയിൽ ശ്രദ്ധാലുക്കളാകുന്നത് നമ്മുടെ  യാത്രയെ സമ്പന്നമാക്കാനും ചുറ്റുപാടുമായി ആഴത്തിലുള്ള ബന്ധം വളർത്താനും അത് വഴി നമ്മുടെ  മൊത്തത്തിലുള്ള യാത്രാനുഭവം മെച്ചപ്പെടുത്താനും കഴിയും.
മനഃസാക്ഷി വളർത്തുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ജേണലിംഗ്. യാത്രയിലുള്ള നിങ്ങളുടെ അനുഭവങ്ങൾ, ചിന്തകൾ, വികാരങ്ങൾ എന്നിവ കോറിയിടാൻ  ഓരോ ദിവസവും കുറച്ച് നേരം ചെലവഴിക്കുക. നിങ്ങളെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ എന്നിവയെല്ലാം കുറിച്ചു വെക്കുക.
 അത് വഴി നിങ്ങളുടെ യാത്രയുടെ വ്യക്തമായ ഒരു റെക്കോർഡ് സൂക്ഷിക്കുക.  മാത്രമല്ല, സ്വയം അവബോധവും പ്രതിഫലനവും പ്രോത്സാഹിപ്പിക്കുന്ന ഒരു ശ്രദ്ധാപൂർവമായ പരിശീലനത്തിൽ നിങ്ങൾ ഏർപ്പെടുകയാണ് ചെയ്യുന്നത്. ഒരു നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ വഴിയിൽ പഠിച്ച കാര്യങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാനുള്ള മികച്ച മാർഗമാണ് ജേണലുകൾ. അൽപം  സാങ്കേതിക വൈദഗ്ധ്യവും ശ്രദ്ധയുമുണ്ടെങ്കിൽ പുതിയ  കാലത്ത് മികച്ച ഫോട്ടോ ജേണലിംഗ് കൂടി സാധ്യമാണ്.
യാത്രയുടെ തിരക്കുകൾക്കിടയിൽ, നമുക്കായി മാത്രം കുറച്ച് നേരം മാറ്റി വെക്കാൻ മറക്കരുത്.  സർവ ഇന്ദ്രിയങ്ങളോടെ സജീവതയോടെ ഒരു പാർക്കിൽ ശാന്തമായ ഒരു സ്ഥലം കണ്ടെത്തുകയോ, കടൽ തീരത്ത്  പറ്റിയ ഒരിടത്ത് ചെന്നിരിക്കുകയോ, അല്ലെങ്കിൽ ഒരു കഫേയിൽ ഒരു കപ്പ് ചായ ആസ്വദിക്കുകയോ ചെയ്യുകയാണെങ്കിൽ വളരെ നല്ലത്. അങ്ങനെ സ്വയം സമയം ചെലവഴിക്കുന്നത് നമ്മെ പൈട്ടന്ന് റീചാർജ് ചെയ്യാനും ഈ നിമിഷത്തിൽ സന്നിഹിതരായിരിക്കാനും  പാകപ്പെടുത്തുമെന്നറിയുക. പതിവ് ആവർത്തനങ്ങളുടെ വിരസതയിൽ നിന്നുള്ള  ഈ വിടുതലാവൽ  നമ്മുടെ  ചുറ്റുപാടുകളുടെ സൗന്ദര്യത്തെ അഭിനന്ദിക്കാനും ആന്തരിക ശാന്തത വളർത്താനും സഹായിക്കും.

മനസ്സ് നിറയ്ക്കാൻ പ്രകൃതി ഏറ്റവും വിസ്മയിപ്പിക്കുന്ന ചില നിമിഷങ്ങൾ ദിനേന വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് സൂര്യോദയത്തിനോ അസ്തമയത്തിനോ സാക്ഷ്യം വഹിക്കാൻ സമയം നീക്കിവെക്കുന്നത് നന്നായിരിക്കും. അതിനായി മനോഹരമായ ഒരു സ്ഥലം കണ്ടെത്തുകയും  അവിടെ നിശ്ശബ്ദമായി ഇരിക്കുകയും വേണം. ആകാശത്തിന്റെ മാറുന്ന നിറങ്ങൾ നിരീക്ഷിക്കുകയും പറവകളേയും മേഘങ്ങളേയും വൃക്ഷത്തലപ്പുകളേയും കൗതുകപൂർവം വീക്ഷിക്കുകയും ചെയ്യണം. ലളിതവും എന്നാൽ അഗാധവുമായ ഈ പരിശീലനം നമ്മെ വർത്തമാന നിമിഷത്തിന്റെ മനോഹാരിതയിൽ ആണ്ടിറങ്ങാൻ സഹായിക്കുന്ന  ഒരു ധ്യാനാനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.
ഡിജിറ്റൽ യുഗത്തിൽ, നമ്മുടെ ചുറ്റുപാടുകളുടെ സമൃദ്ധി അനുഭവിക്കാൻ കഴിയാതെ  നമ്മുടെ സ്‌ക്രീനുകളിൽ അലിഞ്ഞുചേരാൻ എളുപ്പമാണ്. യാത്ര ചെയ്യുമ്പോൾ സ്‌ക്രീൻ സമയം പരിമിതപ്പെടുത്താൻ സ്വയം തീരുമാനിക്കണം . സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യുന്നതിനോ ഇമെയിലുകൾ, വാട്‌സപ്പ് സന്ദേശങ്ങൾ  എന്നിവ നിരന്തരം പരിശോധിക്കുന്നതിനോ പകരം, നമ്മുടെ  ചുറ്റുമുള്ള ലോകവുമായി ഇടപഴകുക. സാങ്കേതിക വിദ്യയിൽ നിന്നുള്ള ഈ ഇടവേള നമ്മെ  വർത്തമാന നിമിഷവുമായി ബന്ധിപ്പിക്കാനും നമ്മുടെ  യാത്രയുടെ തനതായ വശങ്ങളെ പൂർണമായി ആസ്വദിക്കാനും അനുഭവിക്കാനും നമുക്ക് അവസരം നൽകുന്നു.
നമ്മുടെ ഹൃദയത്തിലും മനസ്സിലും അവശേഷിപ്പിക്കുന്ന മായാത്ത അടയാളങ്ങളിലാണ് യാത്രയുടെ വൈവിധ്യം രൂപപ്പെടുന്നത്. ഓർമകളുടെയും അറിവിന്റെയും വ്യക്തിഗത നിരീക്ഷണങ്ങളുടേയും  ഒരു കലവറ തന്നെ യാത്രകൾ നമുക്ക് മുന്നിൽ തുറന്നിടുന്നുണ്ട്. 
കേവലം ക്ഷണികമായ ഒരു അവധിക്കാലം മാത്രമല്ല, പരസ്പരം മനസ്സിലാക്കുന്നതിനും സഹാനുഭൂതിക്കും പ്രചോദനത്തിനും ഉതകുന്ന ഒരു മികച്ച കൂട്ടുകാരനാണ് ഓരോ യാത്രയും. 
യാത്രകൾ നൽകുന്ന സൗന്ദര്യത്തിലേക്ക് നമ്മുടെ ഹൃദയങ്ങൾ എന്നേക്കും തുറന്നിരിക്കട്ടെ, കാരണം യാത്രകളിലാണ് നമ്മുടെ ആത്മാവിനെ സമ്പന്നമാക്കുകയും ജീവിതത്തെ അസാധാരണമാക്കുകയും ചെയ്യുന്ന മാന്ത്രികത നാം കണ്ടെത്തുന്നത്.

Latest News