മുംബൈ- പ്രേക്ഷകലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനില്‍ മോഹന്‍ ലാലിനോടൊപ്പം പാക് നടി മാഹിറാ ഖാന്‍ അഭിനയിക്കുമെന്ന് അഭ്യൂഹം. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിട്ടുണ്ട്. നിര്‍മാതാക്കളില്‍നിന്നോ നടി മാഹിറാ ഖാനില്‍നിന്നോ സ്ഥിരീകരണമെന്നും ലഭിച്ചിട്ടില്ലെങ്കിലും അഭ്യൂഹം ശക്തമാണ്.
ഇന്ത്യയില്‍ പാക് അഭിനേതാക്കള്‍ക്കുള്ള നിരോധം ബോംബെ ഹൈക്കോടതി നീക്കിയ പശ്ചാത്തലത്തിലാണ് ബോളിവുഡില്‍ സ്വീകാര്യത നേടിയ മാഹിറാ ഖാന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍. തെന്നിന്ത്യന്‍ സിനിമകളില്‍ തെലുഗിലും മാഹിറാ ഖാന്‍ വരുമെന്ന് പറയുന്നു.
പാകിസ്ഥാനില്‍ ഹംസഫറിലെ അഭിനയത്തിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച മാഹിറാ ഖാന്‍ ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ റഈസ് എന്ന ചിത്രത്തിലാണ് അരങ്ങേറ്റം കുറിച്ചത്. റഈസിലെ അഭിനയം ഇന്ത്യയിലും നടിക്ക് ആരാധകരെ സൃഷ്ടിച്ചു. ഉറി ആക്രമണത്തിനുശേഷം കേന്ദ്ര സര്‍ക്കാര്‍ പാക് കലാകാരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ നടിയുടെ മുന്നിലും ഇന്ത്യയിലെ സാധ്യതകള്‍ അടഞ്ഞു.
പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനുമായി മാഹിറാ ഖാനും ഭര്‍ത്താവ് സലിം കരീമും തുടരുന്ന സൗഹൃദമാണ് മാഹിറക്ക് എംപുരാനില്‍ അവസരമൊരുക്കുന്നതെന്ന് പറയുന്നു. മാലദ്വീപില്‍ ഇരു ദമ്പതികളും അവധിക്കാലം ചെലവഴിക്കുമ്പോള്‍ എടുത്ത ഗ്രൂപ്പ് ഫോട്ടോ വൈറലായിരുന്നു.
ഇന്ത്യന്‍ സിനിമകളോടുള്ള തന്റെ പ്രണയം മാഹിറാ ഖാന്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരിക്കലെങ്കിലും എല്ലാവരും മലയാള സിനിമ കണ്ടിരിക്കണമെന്നും മാഹിറ ഖാന്‍ പറയാറുണ്ട്. പാകിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയോടുള്ള തന്റെ ആരാധന താരം വ്യക്തമാകിയത്. തമിഴ്, തെലുങ്കു തുടങ്ങിയ സിനിമകളെ കുറിച്ചല്ല , മലയാളം ഭാഷയിലുള്ള സിനിമകളെ കുറിച്ചാണ് താന്‍ പറയുന്നതെന്നും താരം എടുത്തുപറഞ്ഞിരുന്നു. ബഡ്ജറ്റ് കുറവാണെങ്കിലും ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും മറ്റേത് ഭാഷകളെക്കളും വലുതാണ് മലയാളം സിനിമ. ജനഗണമന എന്ന ചിത്രം ഉയര്‍ത്തുന്ന പ്രമേയത്തെ കുറിച്ചും പൃഥ്വിരാജ് സുകുമാരന്, മോഹന്‌ലാല് എന്നി മലയാളത്തിലെ നായകന്മാരെ കുറിച്ചും താരം പരാമര്‍ശിച്ചിരുന്നു. മോഹന്‍ലാലിനെ നേരില്‍ കാണാനും തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്ന് പറയുന്ന മാഹിറ മോഹന്‍ലാലിന്റെ പല ഹിറ്റ് സിനിമകളും സംവിധായകന്‍ പ്രിയദര്‍ശന്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ടെന്നും അവയെല്ലാം അവിടെ വമ്പന്‍ ഹിറ്റുകളാണെന്നും പറയുന്നുണ്ട്.
മാഹിറാ ഖാൻ മലയാളം സിനിമയെ പ്രകീർത്തിക്കുന്ന വീഡിയോ
#MahiraKhan talking about Malayalam cinema and she also mentions in passing, how she met Prithviraj. https://t.co/6gL4lyAuey pic.twitter.com/Yk68y8Qdtp
— ☽ (@aestheticallyFM) September 1, 2023