ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ടവര്‍ മോഷണം പോയെന്ന് പരാതി

ഉജ്ജയ്‌നി- പതിനായിരം കിലോഗ്രാം ഭാരവും 50 മീറ്റര്‍ ഉയരമുള്ള മൊബൈല്‍ ടവര്‍ മോഷ്ടിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ഉജ്ജൈനി ഗ്രാമത്തിലാണ് സംഭവം. 

മൊബൈല്‍ ടവര്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് ടെക്നീഷ്യന്‍ രാജേഷ് കുമാര്‍ യാദവാണ് പോലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 29നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 31 മുതല്‍ ടവര്‍ കാണാതായതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

രാജേഷ് കുമാര്‍ യാദവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.

ടവര്‍ മാത്രമല്ല എ്ട്ടര ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ടവര്‍ അസംബ്ലിയുടെ ഭാഗങ്ങളായ ഷെല്‍ട്ടര്‍, ഇലക്ട്രിക്കല്‍ ഫിറ്റിംഗ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 

ഈ വര്‍ഷം ജനുവരിയിലാണ് ഉബൈദുള്ള എന്നയാളുടെ വയലില്‍ തന്റെ ടവര്‍ സ്ഥാപിച്ചതെന്ന് ടെക്‌നീഷ്യന്‍ രാജേഷ് കുമാര്‍ യാദവ് പറയുന്നു. ടവര്‍ നിന്ന സ്ഥലം പരിശോധിച്ച് സ്ഥലമുടമയുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Latest News