നാഗാര്‍ജുനസാഗര്‍ ഡാമിനെചൊല്ലി തര്‍ക്കം രൂക്ഷം, നിയന്ത്രണം പിടിച്ച് ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്- നാഗാര്‍ജുനസാഗര്‍ ഡാമിനെചൊല്ലി തെലങ്കാന, ആന്ധ്രാ സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ അണക്കെട്ടിന്റെ ഭാഗിക നിയന്ത്രണം പിടിച്ചെടുത്ത് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. വ്യാഴാഴ്ച നടന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് ആന്ധ്രാ സര്‍ക്കാരിന്റെ നടപടി. 2014 ലെ ആന്ധ്ര, തെലങ്കാന വിഭജനത്തിനുശേഷം ഡാമിന്റെ പേരില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് സംഭവം.
400 പേരടങ്ങുന്ന ആന്ധ്രാ പോലീസും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം വ്യാഴാഴ്ച അര്‍ധരാത്രി ഒരുമണിയോടെയാണ് ഡാമിലേക്ക് എത്തിയത്. ഇവിടത്തെ 36 ഗേറ്റുകളുടെ നിയന്ത്രണവും സംഘം ഏറ്റെടുത്തു. തെലങ്കാന പോലീസും മറ്റ് ഉദ്യോഗസ്ഥരും എത്തിയതോടെ വാക്കുതര്‍ക്കമായി. ആന്ധ്രാസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ തെലങ്കാന പോലീസും സംഘവും തിരിച്ചുപോകുകയായിരുന്നു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈ.എസ്.ആര്‍.സി.പി) ഭരിക്കുന്ന ആന്ധ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൃഷ്ണ റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡി (കെ.ആര്‍.എം.ബി)നെതിരേ തെലങ്കാന സര്‍ക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കെ.ആര്‍.എം.ബിയാണ് ഇരുസംസ്ഥാനങ്ങള്‍ക്കും ജലം വിതരണം ചെയ്യുന്നത്. ആന്ധ്രയിലെ പല്‍നാഡു, തെലങ്കാനയിലെ നല്‍ഗൊണ്‍ഡ അതിര്‍ത്തി ജില്ലകളോട് ചേര്‍ന്നാണ് ഡാം സ്ഥിതിചെയ്യുന്നത്.

 

 

Latest News