ദുബായ്- ലോകത്താകമാനം വർധിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിഘാതം തടയാൻ ക്ലൈമറ്റ് ഡാമേജ് ഫണ്ട് രൂപീകരിക്കാൻ യു.എ.ഇയിൽ നടക്കുന്ന ലോക പരിസ്ഥിതി ഉച്ചകോടിയിൽ ധാരണയായി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഫണ്ട് രൂപീകരിക്കാൻ തീരുമാനമായതെന്ന് ഉച്ചകോടിയുടെ അധ്യക്ഷൻ സുൽത്താൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു. ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ തന്നെ ഇത്തരത്തിലുള്ള സുപ്രധാനമായൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫണ്ടിലേക്ക് വിവിധ രാജ്യങ്ങൾ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ 225 മില്യൺ യൂറോ നൽകും. യു.എ.ഇ, ജർമനി എന്നീ രാജ്യങ്ങൾ നൂറു മില്യൺ വീതം നൽകാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. ബ്രിട്ടൻ 40 മില്യണും അമേരിക്ക 17.5 മില്യണും ജപ്പാൻ പത്ത് മില്യണും നൽകും. തുടക്കത്തിൽ ലോകബാങ്കാണ് ഫണ്ടിന്റെ ആസ്ഥാനമായി പ്രവർത്തിക്കുക.
നൂറ് ബില്യൺ ഡോളറാണ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നത്. കൂടുതൽ രാജ്യങ്ങൾ സഹായവുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഇത്തരമൊരു ഫണ്ടിനെ കുറിച്ച് ചർച്ചകൾ നടന്നെങ്കിലും പല വികസിത രാജ്യങ്ങളും പുറംതിരിഞ്ഞു നിൽക്കുകയായിരുന്നു. ഇന്നലെ ദുബായിയിൽ നടന്ന ചർച്ചകൾ ആദ്യദിനം തന്നെ ഈ സുപ്രധാന പദ്ധതിയിൽ രാജ്യങ്ങൾക്കിടയിൽ സമവായമുണ്ടാകുകയും പദ്ധതി അഗീകരിക്കുകയുമായിരുന്നു.