വെടിനിര്‍ത്തല്‍ നീട്ടാന്‍ ഇസ്രായിലും ഹമാസും സമ്മതിച്ചു, ഇന്നേക്കു മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍

ഗാസ സിറ്റി- ഗാസയില്‍ ഇസ്രായിലുമായുള്ള കരാര്‍ ഏഴാം ദിവസത്തേക്കു കൂടി നീട്ടാന്‍ സമ്മതിച്ചതായി ഹമാസ് അറിയിച്ചു. ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ മധ്യസ്ഥരെ അനുവദിക്കുന്നതിനായി ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടുമെന്ന് ഇസ്രായില്‍ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബന്ദികളെ മോചിപ്പിക്കുന്ന പ്രക്രിയ തുടരാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. സമയപരിധി വ്യക്തമാക്കാതെയാണ് ഇസ്രായില്‍ സൈന്യത്തിന്റെ പ്രസ്താവന.
കരാറിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ഇസ്രായിലിന് സ്ത്രീകളുടെയും കുട്ടികളുടെയും ഒരു ലിസ്റ്റ് നല്‍കിട്ടുണ്ടെന്നും അതിനാല്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ നീട്ടിയത് മാധ്യസ്ഥ്യം വഹിക്കുന്ന രാജ്യമായ ഖത്തറും സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ തയാറാക്കിയ വ്യവസ്ഥകള്‍ക്ക് കീഴില്‍ ഗാസയിലെ മാനുഷിക ഉടമ്പടി ഒരു ദിവസത്തേക്ക് കൂടി നീട്ടാന്‍ ഫലസ്തീനും ഇസ്രായിലും   ധാരണയിലെത്തിയതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News