ജിസാൻ- ജിസാൻ പ്രവിശ്യയിലേക്ക് വൻതോതിൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ജിസാൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിനിടെ ആയിരക്കണക്കിന് കോടി റിയാൽ മുതൽ മുടക്കോടെയുള്ള നിരവധി പദ്ധതികൾക്ക് കരാറുകൾ ഒപ്പുവെച്ചു. ജുബൈൽ ആന്റ് യാമ്പു റോയൽ കമ്മീഷൻ മാത്രം 3200 കോടി റിയാലിന്റെ നിക്ഷേപ കരാറുകൾ
ഒപ്പുവെച്ചു.
സൗദി ഗ്ലോബൽ ഇൻഡസ്ട്രിയൽ വില്ലേജ് നിർമാണം, ഫ്ളോട്ട് ഗ്ലാസ് ഫാക്ടറി, സാനിറ്ററി വെയർ നിർമാണ ഫാക്ടറി, കാസ്റ്റിക് സോഡ, ഹൈഡ്രോളിക് ആസിഡ് ഫാക്ടറി എന്നിവ സ്ഥാപിക്കാനാണ് ഏതാനും കമ്പനികളുമായി ജുബൈൽ ആന്റ് യാമ്പു റോയൽ കമ്മീഷൻ കരാറുകൾ ഒപ്പുവെച്ചത്. വാണിജ്യ, പാർപ്പിട കരാറുകളും വാട്ടർ ഫ്രന്റ്, സിറ്റി സെന്റർ വികസനത്തിനും ടൂറിസം മേഖലാ വികസനത്തിനുമുള്ള ധാരണാപത്രങ്ങളും കമ്മീഷൻ ഒപ്പുവെച്ചു.
ഫോറത്തിനിടെ നിരവധി മികച്ച നിക്ഷേപ അവസരങ്ങൾ കമ്മീഷൻ മുന്നോട്ടു വെച്ചു. ജുബൈൽ ആന്റ് യാമ്പു റോയൽ കമ്മീഷൻ ജിസാനിൽ നടപ്പാക്കുന്ന പുതിയ വ്യവസായ പദ്ധതികൾ ജിസാനിലെ യുവതീ യുവാക്കൾക്ക് 7000 ലേറെ തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന് കമ്മീഷൻ പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽസാലിം പറഞ്ഞു. ജിസാനിൽ സാമ്പത്തിക വളർച്ച ശക്തമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് ജിസാൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ കമ്മീഷൻ പങ്കെടുക്കുന്നത്. മികച്ച വ്യവസായ നിക്ഷേപങ്ങൾ ആകർഷിക്കുക മാത്രമല്ല, ടൂറിസം മേഖലയിലേക്കും നിക്ഷേപങ്ങൾ ആകർഷിക്കാൻ ജുബൈൽ ആന്റ് യാമ്പു റോയൽ കമ്മീഷൻ പ്രവർത്തിക്കുന്നതായി എൻജിനീയർ ഖാലിദ് അൽ സാലിം പറഞ്ഞു.
ജിസാനിൽ തുറമുഖങ്ങളുടെ വികസനത്തിന് ജിസാൻ നഗരസഭയും പരിസ്ഥിതി, ജല, കൃഷി മന്ത്രിലായവും ധാരണാപത്രം ഒപ്പുവെച്ചു. ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരന്റെയും ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ അൽ മുശൈത്തിയുടെയും സാന്നിധ്യത്തിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ ഖാലിദ് അൽഅരീഫിയും ജിസാൻ മേയർ എൻജിനീയർ യഹ് യ അൽഗസ് വാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
നിക്ഷേപ മന്ത്രാലയവും സർക്കാർ വകുപ്പുകളും സ്വകാര്യ കമ്പനികളും ഏതാനും ധാരണാപത്രങ്ങളും ഒപ്പുവെച്ചു. കോഫി ഫാക്ടറി സ്ഥാപിക്കാൻ സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്നോളജി സോൺസും സൗദി കോഫി കമ്പനിയും ധാരണാപത്രം ഒപ്പുവെച്ചു. ഫുഡ് ഫാക്ടറിയും പാനൽ ഫാക്ടറിയും സ്ഥാപിക്കാൻ സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്നോളജി സോൺസും സ്വകാര്യ കമ്പനികളും കരാറുകൾ ഒപ്പുവെച്ചു.
റെസിഡൻഷ്യൽ കോംപ്ലക്സ് പദ്ധതികൾക്കും കരാറുകൾ ഒപ്പുവെച്ചു. ജിസാനിൽ കാപ്പി വ്യവസായം പ്രോത്സാഹിപ്പിക്കാൻ സൗദി കോഫി കമ്പനിയും ജിസാൻ വികസന സ്ട്രാറ്റജി ഓഫീസും മറ്റൊരു കരാറും ഒപ്പുവെച്ചു. വിവിധ പദ്ധതികൾ നടപ്പാക്കാൻ ജിസാൻ ചേംബർ ഓഫ് കൊമേഴ്സ് ഏതാനും സ്വകാര്യ കമ്പനികളുമായും പങ്കാളികളുമായും കരാറുകൾ ഒപ്പുവെച്ചു.
ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരൻ ജിസാനിലെ ഗ്രാൻഡ് മിലെനിയം ഹോട്ടലിൽ ജിസാൻ ഇൻവെസ്റ്റ്മെന്റ് ഫോറം ഉദ്ഘാടനം ചെയ്തു. ജിസാൻ ചേംബർ ഓഫ് കൊമേഴ്സും ജിസാൻ ഗവർണറേറ്റും ജിസാൻ വികസനത്തിനുള്ള സ്ട്രാറ്റജിക് ഓഫീസും സർക്കാർ, സ്വകാര്യ വകുപ്പുകളും സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചത്.