സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥ പ്രകാശനം ചെയ്തു
കോഴിക്കോട്- സമുദായ ഐക്യം യാഥാര്‍ഥ്യമാക്കുവാന്‍ ഏറെ പരിശ്രമിച്ച നേതാവായിരുന്നു ഇബ്രാഹിം സുലൈമാന്‍ സേട്ടെന്ന് മുസ്‌ലിം നേതാക്കള്‍ അനുസ്മരിച്ചു. ഹസന്‍ ചെറൂപ്പയുടെ 'സുലൈമാന്‍ സേട്ട് ഒരിന്ത്യന്‍ വീരഗാഥ'യെന്ന പുസ്തക പ്രകാശന ചടങ്ങിലാണ് വിവിധ നേതാക്കളുടെ അനുസ്മരണം.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പുസ്തക പ്രകാശനം നിര്‍വഹിച്ചു. മുസ്‌ലിംകള്‍ക്ക് വേണ്ടി പറഞ്ഞാല്‍, ഇന്ന് പറയുന്നവരെ വര്‍ഗീയ വാദിയാക്കുകയാണ്. ഞങ്ങള്‍ക്ക് കൂടുതല്‍ എം.എല്‍.എമാരുള്ളതു കൊണ്ട് ഇത്ര മന്ത്രിമാര്‍ വേണമെന്ന് പറഞ്ഞാലും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജീവിക്കണമെന്ന് പറഞ്ഞാലും ഇതാണവസ്ഥയെന്ന് ഇ.ടി പറഞ്ഞു.
സ്വന്തം സമുദായത്തിന്റെ ആളല്ലെന്ന് തെളിയിക്കാനാണ് ഇന്ന് ടി.വി ചര്‍ച്ചയില്‍ സമുദായത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന പലരും മല്‍സരിക്കുന്നത്. ഇതാണ് ഭരണ യോഗ്യതയെന്നാണ് അവര്‍ ധരിക്കുന്നത്. എന്നാല്‍ മര്‍ദിത സമുദായത്തിന്റെ പ്രതിനിധിയാണെന്ന് പറയാന്‍ സേട്ട് സാഹിബിന് മടിയില്ലായിരുന്നു. എല്ലാവരുടെയും പ്രീതി കിട്ടാന്‍ അദ്ദേഹം ഒരിക്കലും ശ്രമം നടത്തിയിരുന്നില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരെയും ഭയക്കാതെ തുറന്ന് പറഞ്ഞു. സമുദായ ഐക്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സേട്ട് സാഹിബ് സുന്നി, മുജാഹിദ്, ജമാഅത്ത് സമ്മേളനങ്ങളില്‍ പങ്കെടുത്തു കൊണ്ടാണ് ഇതിനുള്ള ശ്രമം നടത്തിയിരുന്നത്. ആരെയും ഭയപ്പെടാതെ കലാപ ഭൂമികളില്‍ ഓടിയെത്തി പ്രശ്‌ന പരിഹാരത്തിന് സേട്ട് ശ്രമം നടത്തിയിരുന്നു. മുസ്‌ലിം ലോകം ആദരിച്ച രണ്ടു മഹത്തുക്കളായിരുന്നു അലി മിയാനും സേട്ടു സാഹിബും. പരിശുദ്ധ മക്കയിലടക്കം ബഹുമതിയുള്ള വ്യക്തിത്വമായിരുന്നു സേട്ടു സാഹിബെന്ന് തനിക്ക് നേരിട്ട് ബോധ്യമായ കാര്യമാണെന്നും ഇ.ടി പറഞ്ഞു.
15 വര്‍ഷത്തോളം അദ്ദേഹത്തിന്റെ പ്രസംഗ പരിഭാഷകനായതില്‍ അഭിമാനിക്കുന്നു. സേട്ടിന് മലയാളമറിയുന്നതിനാല്‍ പരിഭാഷ ശ്രമകരമായിരുന്നു. സങ്കടങ്ങളും പ്രയാസങ്ങളും പുറത്തു പറയാന്‍ മടിക്കുന്നതിനാലും ചെയ്ത കാര്യങ്ങള്‍ ആരെയും അറിയിച്ച് വലുതാകാന്‍ താല്‍പര്യമില്ലാത്തതിനാലും ആത്മകഥ എഴുതാന്‍ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. മനോവികാരം ഉളവാക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വികാര പ്രകടനങ്ങള്‍. ലീഗ് പിളര്‍ന്നപ്പോള്‍ കരഞ്ഞ നേതാവായിരുന്നു അദ്ദേഹം. സമുദായത്തിനകത്ത് പരസ്പരം കാണാനോ സലാം പറയാനോ പറ്റാത്ത ഇക്കാലത്ത് അദേഹത്തെ പുനര്‍വായനക്ക് വിധേയമാക്കണമെന്നും ഇ.ടി പറഞ്ഞു.
പുസ്തകം സി.പി കുഞ്ഞിമുഹമ്മദ് ഏറ്റുവാങ്ങി. ടി.പി.ചെറൂപ്പ അധ്യക്ഷത വഹിച്ചു. ഹസന്‍ ചെറൂപ്പ പുസ്തക പരിചയം നടത്തി. അബ്ദുസ്സമദ് സമദാനി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെകട്ടറിയേറ്റ് അംഗം സുലൈമാന്‍ ഖാലിദ്, ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി എ.ഖാദര്‍, ഒ.അബ്ദുറഹ്മാന്‍, ഒ.അബ്ദുല്ല, പി.കെ.പാറക്കടവ് തുടങ്ങിയവര്‍ സംബനധിച്ചു.
ഗുഡ്‌വില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.ഇസ്മായില്‍ മരിതേരി സ്വാഗതവും ഗുഡ്‌വില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പി.സിക്കന്ദര്‍ നന്ദിയും പറഞ്ഞു.
പ്രവാസി മാധ്യമ പ്രവര്‍ത്തകനായ ഹസന്‍ ചെറൂപ്പ രചിച്ച 650 ലേറെ പേജ് വരുന്ന പുസ്തകം ഇന്ത്യയിലെ ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങള്‍ക്കു വേണ്ടി സേട്ട് നടത്തിയ ഐതിഹാസിക പോരാട്ടങ്ങളുടെ കഥ പറയുന്നു. 1960 മുതല്‍ 1996 വരെ പാര്‍ലമെന്റ് അംഗമായിരുന്ന സേട്ട് മൂന്നര പതിറ്റാണ്ടിലേറെ പാര്‍ലമെന്റിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ളുടെയും പിന്നോക്ക ദുര്‍ബല വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും നീതി നിഷേധത്തിനെതിരെയും പോരാട്ടങ്ങളുടെ വീരോചിത ചരിതമാണ് കാഴ്ചവെച്ചത്. അണുമണി തൂക്കം അഴിമതിക്കോ അധാര്‍മികതക്കോ ഇടമില്ലാതിരുന്ന രാഷ്ട്രീയ വിശിദ്ധിയുടെ ആള്‍രൂപമായിരുന്ന സേട്ടിന് ഒരു ഡസനോളം രാഷ്ട്രപതിമാരുമായും പത്തിലേറെ പ്രധാനമന്ത്രിമാരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൊതു വേദികളുടെയെല്ലാം പിറവിക്ക് നേതൃത്വം നല്‍കുകയും പതിറ്റാണ്ടുകളോളം നായകനായി നില കൊള്ളുകയും ചെയ്ത സേട്ട് രാജ്യാന്തര തലത്തിലും പ്രശ്‌സ്തനായിരുന്നു. പകരമില്ലാത്തെരു പടനായകന്റെ ജീവിത കഥയോടൊപ്പം ഒരു രാജ്യത്തിന്റെയും സമുദായത്തിന്‍െയും ചരിത്രം കൂടിയാണ് പുസ്തകം.