കൊല്ലം- ദേശീയപാതയില്‍ ഇത്തിക്കര പാലത്തിനു സമീപം കെ.എസ്.ആര്.ടി.സി എക്സ്പ്രസും ലോറിയും കൂട്ടിയിടിച്ച് 3 പേര് മരിച്ചു. കെ.എസ്.ആ.ടി.സി കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ് (30), ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അബ്ദുല്‍ റഷീദ് (37), ലോറിയുടെ ഡ്രൈവര്‍ തമിഴ്നാട് നെല്ലൈ ജില്ലയില്‍ ചെങ്കോട്ട പുളിയറൈ കേശവപുരം നാരായണസ്വാമി കോവില്‍ സ്ട്രീറ്റില്‍ എസ്.ഗണേശന് (33) എന്നിവരാണ് മരിച്ചത്. കണ്ടക്ടര്‍ സുഭാഷ് സംഭവസ്ഥലത്തു വെച്ചും മറ്റു രണ്ടു പേരും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ആറരയോടെ ആയിരുന്നു അപകടം.

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു എക്സ്പ്രസ് ബസ്. തിരുനെല്‍വേലിയില്‍ നിന്ന് കൊല്ലത്തേക്ക് മൈദ കയറ്റി പോകുകയായിരുന്നു ലോറി. ഇത്തിക്കര പാലം കടക്കവേ തൊട്ടു മുന്നില്‍ സ്റ്റോപ്പില്‍ ആളിറക്കുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കവേ എക്സ്പ്രസ് എതിരേ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങള്‍ക്കും ബ്രേക്ക് ചെയ്യാന്‍ പോലും സമയം കിട്ടും മുമ്പേ നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസിന്റെ റിക്കവറി വാഹനം എത്തി ഏഴരയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. അപ്പോഴേക്കും 20 കിലോമീറ്ററോളം ഭാഗത്ത് ദേശീയപാത നിശ്ചലമായി.
ഗതാഗത മന്ത്രി ശശീന്ദ്രന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന് തച്ചങ്കരി, ജി.എസ്.ജയലാല്‍ എം.എല്‍.എ എന്നിവര്‍ എട്ടു മണിയോടെ സ്ഥലത്തെത്തി. അപകട സ്ഥലവും അപകടത്തില്‍പ്പെട്ടവരെയും ഇരുവരും സന്ദര്‍ശിച്ചു. എട്ടരയോടെ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയും സ്ഥലത്തെത്തി.
ലോറിയുടെ ഇന്ധന ടാങ്ക് തകര്‍ന്ന് ഡീസല്‍ പരന്നതോടെ കൂടുതല്‍ അപകട സാധ്യത ഒവിവാക്കാന്‍ പരവൂരില്‍ നിന്നും കൊല്ലത്തു നിന്നുമെത്തിയ ഫയര്‍ ആന്റ് റസ്ക്യുവിന്റെ മൂന്ന് യൂണിറ്റുകള്‍ അപകട സ്ഥലത്ത് വെള്ളം ചീറ്റി പാത വൃത്തിയാക്കി.






