ഗാസ- ആറു ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഏതാനും ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ ദ്രുതഗതിയില്‍ തുടരുന്നു. ഖത്തറും ഈജിപ്തുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ പ്രതിനിധികളും പങ്കാളികളാകുന്നു. വെടിനിര്‍ത്തലിന് ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ബന്ദികളെ വിടാമെങ്കില്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ ഇസ്രായിലും തയാറാണ്.
ഗാസയില്‍നിന്ന് ഇന്നലെ 10 ഇസ്രായിലികളെയും ജയിലുകളില്‍നിന്ന് 30 ഫലസ്തീനികളെയും മോചിപ്പിച്ചു.
വെടിനിര്‍ത്തല്‍ തുടരുന്നതിനാല്‍ ഗാസ ശാന്തമാണ്. വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ പോലീസ് പ്രശ്‌നമുണ്ടാക്കുന്നുണ്ടെങ്കിലും ഗാസയുടെ ആകാശം ശാന്തമായിരുന്നു. കരസേനയുടെ നീക്കങ്ങളും നിലച്ചിട്ടുണ്ട്. കൂടുതല്‍ ഫലസ്തീനികള്‍ വടക്കന്‍ ഗാസയിലെ തങ്ങളുടെ വീടുകളിലേക്കെത്തി. എല്ലാം തകര്‍ന്നടിഞ്ഞ കാഴ്ചകളാണ് ഇവിടെ അവരെ വരവേറ്റത്. വെസ്റ്റ് ബാങ്കിലെ ഇസ്രായില്‍ ആക്രമണത്തില്‍ ഇന്നലേയും രണ്ടുപേര്‍ മരിച്ചു.
ഹമാസ് പ്രതിദിനം 10 ബന്ദികളെയെങ്കിലും വിട്ടയക്കാന്‍ സന്നദ്ധമാണെങ്കില്‍ വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കുമെന്ന് ഇസ്രായില്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകളേയും കുട്ടികളേയും പൂര്‍ണമായും മോചിപ്പിച്ചുകഴിഞ്ഞാല്‍ പുരുഷ ബന്ദികളും സൈനികരുമാണുള്ളത്. ഇവരെ മോചിപ്പിക്കാന്‍ ഹമാസ് കൂടുതല്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ചേക്കാം.