മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം നേര് ഡിസംബർ 21 ന് തിേയറ്ററുകളിലെത്തും. വമ്പൻ ഹിറ്റുകളായി മാറിയ ദൃശ്യം ഒന്ന്, രണ്ട് സിനിമകൾക്കു ശേഷം ലാലേട്ടനും ജിത്തുവും ഒരുമിക്കുന്ന ചിത്രം ഒരു ലീഗൽ ത്രില്ലറാണ്. സസ്‌പെൻസ് ചോരാതെ കഥ പറയാൻ മിടുക്കുള്ള ജിത്തുവിൽനിന്ന് അതുപോലുള്ള ഒരു ചിത്രം തന്നെയാണ് ലാലേട്ടന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കി.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശാന്തി മായാദേവിയും ജീതു ജോസഫും ചേർന്നാണ്. മോഹൻലാലിന് പുറമെ സിദ്ദീഖ്, പ്രിയാ മണി, അനശ്വര രാജൻ, ജഗദീഷ്, ഗണേഷ് കുമാർ, നന്ദു, ശാന്തി മായാദേവി, ശ്രീധന്യ, ദിനേശ് പ്രഭാകർ, രശ്മി അനിൽ, മാത്യു വർഗീസ്, പ്രശാന്ത് നായർ, അർഫാസ് അയൂബ്, ശങ്കർ ഇന്ദുചൂഡൻ, കലാഭവൻ ജിന്റോ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ദൃശ്യത്തിന്റെ വിജയത്തിൽ പിന്നണിയിലുണ്ടായിരുന്നവരെ തന്നെയാണ് നേരിനു വേണ്ടിയും ജിത്തു ഒപ്പം കൂട്ടിയിരിക്കുന്നത്.
സതീശ് കുറുപ്പാണ് ക്യാമറ. എഡിറ്റിംഗ് വി.എസ് വിനായക്. സംഗീതം വിഷ്ണു ശ്യാം. ഗാനങ്ങൾ വിനായക് ശശികുമാർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ശാന്തി ആന്റണി, പ്രൊഡക്ഷൻ ഡിസൈനർ ബോബൻ, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ, വസ്ത്രാലങ്കാരം ലിന്റ ജിത്തു, മേക്കപ് അമൽ ചന്ദ്ര.






