Sorry, you need to enable JavaScript to visit this website.

പ്ലസ് ടൂകാരി സംവിധായികയായപ്പോൾ

കോട്ടയം ജില്ലയിലെ ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ചിന്മയി നായർ വാർത്തകളിൽ നിറയുന്നത് പഠനത്തിലെ മികവുകൊണ്ടല്ല. രാജ്യത്തെ ഏറ്റവും പ്രായ കുറഞ്ഞ സംവിധായിക എന്ന പേരിലാണ് ചിറക്കടവ് സ്വദേശിയായ ഈ പെൺകുട്ടി ശ്രദ്ധ നേടുന്നത്. വിജയ് യേശുദാസും മീനാക്ഷി അനൂപും പ്രധാന വേഷത്തിലെത്തിയ ക്ലാസ് ബൈ എ സോൾജ്യർ എന്ന ചിത്രത്തിലൂടെയാണ് ഈ നേട്ടം ചിന്മയി സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രം കൈയടി നേടുമ്പോൾ ഏറെ സന്തോഷിക്കുന്നത് സംവിധായിക മാത്രമല്ല, അവളുടെ അച്ഛൻ കൂടിയാണ്. കുട്ടിക്കാലം തൊട്ടേ സിനിമയെ പ്രണയിച്ചു നടന്ന ചിന്മയി, അച്ഛന്റെ പാതയിലൂടെയാണ് സിനിമയിലെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ അനിൽ രാജിന്റെ മകളായ ചിന്മയി അച്ഛന്റെ പാതയിലൂടെ സഞ്ചരിച്ചു തുടങ്ങുകയാണ്. ചിന്മയിയുടെ വാക്കുകളിലേയ്ക്ക്...

സിനിമയിലെ തുടക്കം.?
ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചേമ്പിലത്തുള്ളി, ഗ്രാൻഡ് മാ എന്നീ ഹ്രസ്വചിത്രങ്ങളിലൂടെ പത്തിലേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവിതത്തിലുണ്ടായ ചെറിയൊരു സംഭവമാണ് ചേമ്പിലത്തുള്ളിക്ക് ഇതിവൃത്തമായത്. സംഭവം അച്ഛനോടു പറയുകയും അച്ഛന്റെ സഹായത്തോടെ ഹ്രസ്വചിത്രമൊരുക്കുകയുമായിരുന്നു. ഗ്രാൻഡ് മായും  മറ്റൊരു അനുഭവമായിരുന്നു. ഡ്രാക്കുള സുധീർ ആയിരുന്നു അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലും സുധീർ സാർ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ്.എസ്.എൽ.സി പഠനകാലത്താണ് സ്‌കൂൾ പ്രിൻസിപ്പൽ ലഹരിവിരുദ്ധ സംഘടനയായ വിമുക്തിക്കു വേണ്ടി ഒരു ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൂടേ എന്നു ചോദിക്കുന്നത്. ഇനി ഷോർട്ട് ഫിലിം ചെയ്യുന്നില്ല. സിനിമയേ ചെയ്യുന്നുള്ളൂ എന്നായിരുന്നു മറുപടി. മനസ്സിലുള്ള ആശയം ടീച്ചറോട് പറഞ്ഞപ്പോൾ അവർക്കും ഇഷ്ടമായി. ചിത്രത്തിന്റെ ചെറിയൊരു ത്രെഡും അവർക്ക് പറഞ്ഞുകൊടുത്തു. ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ടവരാണ് ചിത്രം നിർമിക്കാൻ മുന്നോട്ടു വന്നത്.

സിനിമയുടെ ഇതിവൃത്തം.?
പക്കാ കൊമേഴ്‌സ്യൽ ഫാമിലി എന്റർടെയ്‌നർ മൂവിയാണിത്. സ്‌കൂൾ പശ്ചാത്തലമാക്കിയാണ് സിനിമ വികസിക്കുന്നത്. മീനാക്ഷിയുൾപ്പെടെ നാലുപേരാണ് പ്രധാന വേഷത്തിലെത്തുന്നത്. അവരുടെ അടുപ്പവും സ്‌നേഹ ബന്ധങ്ങളും ചിത്രത്തിൽ ചർച്ചയാവുന്നുണ്ട്. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടമെന്ന സന്ദേശം കൂടി ഈ ചിത്രം വിളംബരം ചെയ്യുന്നു. ചിത്രത്തിന്റെ കഥ എഴുതിയത് ഞാൻ തന്നെയായിരുന്നു. സിനിമക്കു വേണ്ട രീതിയിൽ തിരക്കഥയൊരുക്കിയത് അച്ഛനാണ്. ചിറക്കടവ് എസ്.ആർ.വി എൻ.എസ്.എസ് സ്‌കൂളിലായിരുന്നു ചിത്രീകരണം.

അച്ഛന്റെ സ്വാധീനം.?
സിനിമാ പ്രവർത്തകനാണ് അച്ഛൻ. കങ്കാരു എന്ന ചിത്രത്തിന്റെ കഥ അച്ഛന്റേതായിരുന്നു. പിന്നീട് തൗസന്റ് എന്ന ചിത്രത്തിനും കഥയെഴുതി. ഈ ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൂത്രക്കാരൻ എന്ന ചിത്രത്തിന്റെ സംവിധായകനും അച്ഛനായിരുന്നു. 
അച്ഛന്റെ പാതയിലാണ് ഇപ്പോൾ എന്റെ സഞ്ചാരം. കുട്ടിക്കാലം തൊട്ടേ അച്ഛനോടൊപ്പം ലൊക്കേഷനുകളിൽ പോകുമായിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. 
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് മനസ്സിലുള്ള ഒരു കഥ അച്ഛനോട് പറയുകയും അത് ഹ്രസ്വചിത്രമാക്കുകയും ചെയ്തത്. രണ്ടാമത്തെ ഹ്രസ്വചിത്രമൊരുക്കിയത് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു. പ്ലസ് ടു പഠനകാലത്തു തന്നെ ഒരു ഫീച്ചർ സിനിമ കഥയെഴുതി സംവിധാനം ചെയ്യാൻ കഴിഞ്ഞു എന്നത് ഭാഗ്യമായി കാണുന്നു.

സംവിധായിക എന്ന നിലയിൽ.?
വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല. എല്ലാ പിന്തുണയും തന്ന് എല്ലാവരും കൂടെയുണ്ടായിരുന്നു. ശ്വേതാ മേനോൻ അടക്കമുള്ളവരും തികഞ്ഞ പിന്തുണയുമായി കൂടെ നിന്നു. 
പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും വീട്ടുകാരും തികഞ്ഞ സപ്പോർട്ടുമായി നിന്നു. പ്ലസ് ടുവിന് ഹ്യുമാനിറ്റീസാണ് ഐഛിക വിഷയമായെടുത്തത്. അവധി ദിവസങ്ങളിലായിരുന്നു കൂടുതലും ചിത്രീകരണം നടന്നത്. അതുകൊണ്ടു തന്നെ ക്ലാസുകളൊന്നും മുടങ്ങിയിരുന്നില്ല. പിന്നീട് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളിലാണ് ക്ലാസുകൾ നഷ്ടമായത്. പ്രധാന ലൊക്കേഷൻ സ്‌കൂൾ ആയിരുന്നെങ്കിലും സ്വദേശമായ പൊൻകുന്നവും ചിറക്കടവുമെല്ലാം ഷൂട്ടിംഗ് ലൊക്കേഷനുകളായിരുന്നു.

ഗായകനെ നായകനാക്കിയത്.?
ധനുഷിന്റെ മാരി എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷം കണ്ടതോടെയാണ് വിജയ് യേശുദാസിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. വിജയ് അങ്കിളായിരുന്നു മാരിയിൽ വില്ലനായെത്തിയത്. 
ഈ സിനിമയുടെ തിരക്കഥയൊരുക്കുമ്പോൾ മുഖ്യ വേഷത്തിൽ പല പേരുകളും ആലോചനയിലുണ്ടായിരുന്നെങ്കിലും എന്റെ മനസ്സിൽ വിജയ് അങ്കിളിന്റെ മുഖമായിരുന്നു. അങ്ങനെയാണ് പ്രധാന വേഷത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. മാത്രമല്ല, അച്ഛന്റെ സൂത്രക്കാരൻ എന്ന ചിത്രത്തിലെ ഒരു ഗാനം ആലപിച്ചതും വിജയ് അങ്കിളായിരുന്നു. ആ മുൻ പരിചയവും ഗുണമായി.

മീനാക്ഷി അനൂപിനെക്കുറിച്ച്.?
മീനാക്ഷിയും ഞാനും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരു ക്ലാസിൽ ഒരേ ബെഞ്ചിലിരുന്നാണ് പഠിക്കുന്നത്. ഇവിടെയെത്തുന്നതിനു മുമ്പ് രണ്ടു സ്‌കൂളുകളിലായിരുന്നു ഞങ്ങൾ പഠിച്ചത്. ഒരുപാട് വർഷങ്ങളായി ഞങ്ങൾക്ക് അടുത്തറിയാം. കുടുംബങ്ങൾ തമ്മിലും പരിചയമുണ്ട്. ഗായത്രി എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിക്കുന്നത്. ഗായത്രിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. പ്രധാന വേഷമല്ലെങ്കിലും ചിത്രത്തിന്റെ ഗതി നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന കഥാപാത്രമാണ് മീനാക്ഷിയുടേത്.

കുടുംബ പശ്ചാത്തലം.?
തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ രാജാണ് അച്ഛൻ. അമ്മ ധന്യ ശങ്കർ വീട്ടമ്മയാണ്.
 

Latest News