കുടുംബ പ്രശ്‌നങ്ങള്‍ കാരണം പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു

ജയ്പൂര്‍ - കുടുംബ പ്രശ്‌നങ്ങള്‍ കാരണം രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. 32 കാരിയായ മകളെയാണ് പിതാവ് കൊലപ്പെടുത്തിയത്. ശിവ്ലാല്‍ മേഘ്വാള്‍ ആണ് തന്റെ മൂത്ത് മകള്‍ നിര്‍മ്മയെ കൊലപ്പെടുത്തിയത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം വിവാഹിതയായ മൂത്ത മകളാണെന്ന് പ്രതി വിശ്വസിച്ചിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. പാലി ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രതി ശിവ്ലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബത്തില്‍ നിന്ന് പിരിഞ്ഞ് പാലിയിലാണ് താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. തിങ്കളാഴ്ച പാലിയിലെ ഇസലി ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിര്‍മ്മ. ഇവിടെവെച്ച് പിതാവിനെ കണ്ടു. നിര്‍മ്മയെയും അനുജത്തിയെയും മേഘ്വാള്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയി. പകുതി വഴിയില്‍ ഇളയ മകളോട് കാത്തിരിക്കാന്‍ പറഞ്ഞതിന് ശേഷം, മേഘ്വാള്‍ നിര്‍മ്മയോടൊപ്പം ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോവുകയായിരുന്നു. ഇവിടെവച്ചാണ് മേഘ്വാള്‍ മകളുടെ കഴുത്തറുത്ത ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നത്.

Latest News