Sorry, you need to enable JavaScript to visit this website.

കണ്ടതിനേക്കാള്‍ മാസ്മരിക ദൃശ്യാനുഭവം ഒരുക്കാന്‍ ഹോംബാലെ ഫിലിംസിന്റെ 'കാന്താര ചാപ്റ്റര്‍ 1' ഫസ്റ്റ്‌ലുക്ക് 

കൊച്ചി- കഴിഞ്ഞ വര്‍ഷം ഇന്ത്യയൊട്ടാകെ വന്‍ ചലനം സൃഷ്ടിച്ച 'കാന്താര: എ ലെജന്റ്' എന്ന വിജയചിത്രത്തിന് ശേഷം ഹോംബാലെ ഫിലിംസ് അവരുടെ ഏറ്റവും പുതിയ ചിത്രം 'കാന്താര: ചാപ്റ്റര്‍ 1'ലൂടെ വീണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തീവ്രമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസര്‍ റിലീസ് ചെയ്ത് ഇതിനോടകം 16 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ട്രെന്‍ഡിംഗ് 1 ലിസ്റ്റില്‍ തുടരുകയാണ്. ഏഴ് ഭാഷകളില്‍ എത്തിയ ടീസറിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവത്തെക്കറിച്ച്  ഗൂഗിളിന്റെ ഔദ്യോഗിക ഫേസ്ബുബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതും ഏറെ  ശ്രദ്ധയാകര്‍ഷിച്ചു.

കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്. കണ്ടംബസിന്റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളും ഭക്തിയുടെ ഘടകങ്ങള്‍ക്കൊപ്പമുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍  എന്നിവയുടെ സംയോജനമാണെന്നാണ് ടീസറിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ ഋഷബ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്. 

ഋഷബ് ഷെട്ടിയുടെ ആകര്‍ഷകമായ ലുക്ക് പ്രദര്‍ശിപ്പിക്കുന്ന ടീസറില്‍, കഥാപാത്രത്തിന്റെ തീവ്രമായ വീക്ഷണം കാഴ്ചക്കാര്‍ക്ക് പുതിയ ദൃശ്യാനുഭവം തന്നെ നല്‍കുന്നു. ആദ്യഘട്ടത്തില്‍ പ്രതിധ്വനിച്ച പരിചിതമായ ആ ഗര്‍ജ്ജനം തിരിച്ചെത്തുന്നതിനോടൊപ്പം ഒരു ഇതിഹാസത്തിന്റെ പിറവിക്കും തുടക്കമിടുന്നു എന്നും ടീസര്‍ പറയുന്നു. പ്രേക്ഷക ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച കാന്താരയിലെ രജനീഷിന്റെ സംഗീതം പുതിയ സിനിമയിലും ഉറപ്പ് നല്‍കുന്നു. മാനവികതയും പ്രകൃതിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചില്‍ പ്രേക്ഷകരെ ആകര്‍ഷിച്ച 'കാന്താര' കഴിഞ്ഞ വര്‍ഷത്തെ ആഗോള സിനിമാറ്റിക് ലാന്‍ഡ്സ്‌കേപ്പിനെ തന്നെ പിടിച്ചുകുലുക്കി. പാന്‍-ഇന്ത്യന്‍ സിനിമാ അനുഭവങ്ങള്‍ നല്‍കാന്‍ 'കാന്താര: ചാപ്റ്റര്‍ 1'ലൂടെ ഹോംബാലെ ഫിലിംസും ഒരുങ്ങുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ വര്‍ഷം 'കെജിഎഫ്: ചാപ്റ്റര്‍ 2', 'കാന്താര' എന്നീ രണ്ട് മെഗാ ബ്ലോക്ക്ബസ്റ്ററുകളിലൂടെ അഭൂതപൂര്‍വമായ വിജയം നേടിയ ഹോംബാലെ ഫിലിംസ് ആഗോളതലത്തില്‍ 1600 കോടി നേടിയെടുത്തു. ഏഴ് ഭാഷകളില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്ന 'കാന്താര: ചാപ്റ്റര്‍ 1' അടുത്ത വര്‍ഷം റിലീസ് ചെയ്യും. 

ഡിസംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ അഭിനേതാക്കളെ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്ത പ്രചാരണം: പി. ശിവപ്രസാദ്.

Latest News