റിയാദ് - ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് സാമ്പത്തിക ഇടനാഴി തത്വങ്ങൾ സംബന്ധിച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ലോകത്ത് ഊർജ സുരക്ഷ ഉറപ്പുവരുത്താനും വാണിജ്യ വിനിമയം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുംവിധം ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിടയിൽ പുതിയ സാമ്പത്തിക ഇടനാഴി സ്ഥാപിക്കാൻ ധാരണാപത്രം ഒപ്പുവെച്ചതായി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സെപ്റ്റംബറിൽ ഇന്ത്യയിൽ നടന്ന ജി-20 ഉച്ചകോടിയിൽ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി വൈദ്യുതിയും ഹൈഡ്രജനും കയറ്റുമതി ചെയ്യാനുള്ള പൈപ്പ്ലൈനുകൾ സ്ഥാപിക്കും. പുതിയ സാമ്പത്തിക ഇടനാഴി ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും യൂറോപ്പിനുമിയിൽ വാണിജ്യ വിനിമയം വർധിപ്പിക്കും. റെയിൽവെ അടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയിൽ ഭാഗഭാക്കാകുന്ന രാജ്യങ്ങളുടെ ദീർഘകാല നേട്ടത്തിനും സാമ്പത്തിക ഇടനാഴി പദ്ധതി സഹായിക്കും. സാമ്പത്തിക പരസ്പരാശ്രിതത്വം ശക്തിപ്പെടുത്തുന്നതിലൂടെ നമ്മുടെ രാജ്യങ്ങളുടെ പൊതുതാൽപര്യങ്ങൾ കൈവരിക്കാൻ പദ്ധതി സഹായിക്കുമെന്നും ജി-20 ഉച്ചകോടിയിൽ കിരീടാവകാശി പറഞ്ഞു.