അല്‍ ഖാദിര്‍ അഴിമതിക്കേസില്‍ ഇമ്രാന്‍ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്റില്‍

ഇസ്‌ലാമാബാദ്- അല്‍ഖാദിര്‍ അഴിമതിക്കേസില്‍ പാക് മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡില്‍. 
അഡ്യാല ജയിലില്‍ നടന്ന ഹിയറിങ്ങില്‍ ജഡ്ജ് മുഹമ്മദ് ബഷീറാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

പാക് പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഇമ്രാന്‍ ഖാനും ഭാര്യ ബുഷറ ബീവിയും റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്നു കോടിക്കണക്കിന് രൂപയുടെ ഭൂമി കൈക്കൂലിയായി വാങ്ങി എന്നതാണ് അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ്. കഴിഞ്ഞദിവസം അല്‍-ഖാദിര്‍ കേസുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ജയിലിലെത്തി ഇമ്രാനെ ചോദ്യം ചെയ്തിരുന്നു.  ഇമ്രാനെ രണ്ടു മണിക്കൂറോളമാണ് അക്കൗണ്ടബിലിറ്റി ബ്യൂറോ ചോദ്യം ചെയ്തത്. ഈ കേസില്‍ ഇതിനു മുമ്പും പലവട്ടം അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനെ ചോദ്യം ചെയ്തിരുന്നു.

2022 ഏപ്രിലില്‍ അവിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്തായ ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. തോഷഖാന അഴിമതിക്കേസിലാണ് ഇമ്രാന്‍ ജയിലിലായത്. ആദ്യം അറ്റോക്ക് ജയിയിലായിരുന്നെങ്കിലും പിന്നീട് അതീവ സുരക്ഷയുള്ള അഡ്യാല ജയിലിലേക്ക് മാറ്റുകയായിരുന്നു. അധികാരത്തില്‍ നിന്നും പുറത്തായതിന് ശേഷം നിരവധി കേസുകള്‍ ഇമ്രാന്‍ ഖാനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest News