ഗാസ- കൂടുതൽ ബന്ദികളെ വിട്ടയച്ചാൽ ഗാസയിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രായിലിന്റെ വാഗ്ദാനം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച് നാലു ദിവസത്തെ വെടിനിർത്തൽ അവസാനിക്കിനിരിക്കെയാണ് ഇസ്രായിലിന്റെ വാഗ്ദാനം. ഹമാസ് കൂടുതൽ തടവുകാരെ വിട്ടയച്ചാൽ വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ഇസ്രായിൽ വ്യക്തമാക്കി. അതേസമയം, ഈജിപ്തും ഖത്തറും അമേരിക്കയും നാലുദിവസത്തെ വെടിനിർത്തൽ നീട്ടാൻ സമ്മർദം ചെലുത്തുന്നുണ്ട്. വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ സജീവമാണെന്ന് ഈജിപ്ത് പ്രതികരിച്ചു. ഏതൊക്കെ തടവുകാരെ മോചിപ്പിക്കുമെന്ന കാര്യം ഇപ്പോഴും ചർച്ച ചെയ്യുകയാണെന്നും വെടിനിർത്തൽ എത്രകാലത്തേക്ക് നീട്ടുമന്നത് സംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും ഈജിപ്ഷ്യൻ സുരക്ഷാ വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.