പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള ലുലു ഗ്രൂപ്പിന്റെ നിർമിതികൾക്ക് ദേശീയ പുരസ്‌കാരം. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ ഈ വർഷത്തെ ഗ്രീൻ ചാമ്പ്യൻ അവാർഡ് ലുലു ഗ്രൂപ്പിന് ലഭിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള ലുലു ഗ്രൂപ്പിന്റെ വിവിധ പ്രോജക്ടുകൾക്ക് ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഗ്രീൻ ബിൽഡിംഗ് പ്രസ്ഥാനത്തോടുള്ള ലുലു ഗ്രൂപ്പിന്റെ ഉറച്ച പ്രതിബദ്ധത കണക്കിലെടുത്താണ് അവാർഡ്. ഹരിത ചട്ടങ്ങൾ പാലിച്ചുള്ള ലുലു ഗ്രൂപ്പിന്റെ നിർമിതികൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് പുരസ്‌കാര സമിതി ചൂണ്ടികാട്ടി. ഈ നീക്കങ്ങൾ കാർബൺ എമിഷൻ കുറക്കാനും ഊർജ സ്രോതസ്സുകളുടെയും ജലത്തിന്റെയും ഭാവി സംരക്ഷണത്തിനും പിന്തുണ നൽകുന്നതായി സമിതി വിലയിരുത്തി.
'കോർപറേറ്റ് ലീഡിങ് ദി ഗ്രീൻ ബിൽഡിംഗ് മൂവ്‌മെന്റ് ഇൻ ഇന്ത്യ -കൊമേർഷ്യൽ' വിഭാഗത്തിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. കൂടാതെ ലുലു മാൾ കൊച്ചിക്ക് ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലിന്റെ സിൽവർ സർട്ടിഫിക്കേഷനും ലഭിച്ചു. എക്കാലവും സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന ലുലു ഗ്രൂപ്പിന് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ പ്രചോദനം നൽകുന്നതാണ് ഈ അവാർഡ് എന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ. നിഷാദ് അഭിപ്രായപ്പെട്ടു.
21 ാമത് ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിന്റെ ഭാഗമായി ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആന്റ് സിഇഒ എം.എ. നിഷാദ്, കൊമേർഷ്യൽ മാനേജർ സാദിഖ് കാസിം, ചീഫ് എൻജിനീയർ പ്രസാദ് എന്നിവർ ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി. തമിഴ്നാട് അഡീഷണൽ ചീഫ് സെക്രട്ടറി ആന്റ കമ്മീഷണർ ഡോ. ജെ രാധാകൃഷ്ണൻ മുഖ്യാതിഥിയായ ചടങ്ങിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ ചെയർമാൻ ഗുർമീത് സിംഗ് അറോറ, വൈസ് ചെയർമാൻ ബി. ത്യാഗരാജൻ, ചെന്നൈ ചാപ്റ്റർ ചെയർമാൻ അജിത് കുമാർ ചോർദിയ, ഹൈദരാബാദ് ചാപ്റ്റർ കോചെയർമാൻ ശ്രീനിവാസ് മൂർത്തി തുടങ്ങിയവരും സംബന്ധിച്ചു.