തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൗരത്വനിയമം പൊടിതട്ടിയെടുക്കാന്‍ കേന്ദ്രം, മാര്‍ച്ച് 30 നകം കരട് തയാറാക്കുമെന്ന് മന്ത്രി

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പൗരത്വ നിയമ ഭേദഗതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രം.  നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അജയ് മിശ്ര പറഞ്ഞു.
ബംഗ്ലാദേശിലെ മതപീഡനത്തില്‍നിന്ന് അഭയം തേടിയ ആളുകള്‍ അടങ്ങുന്ന പശ്ചിമ ബംഗാളിലെ മാതുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച മിശ്ര അവരുടെ പൗരത്വ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പ് നല്‍കി.

'കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സി.എ.എ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജം കൈവരിച്ചു, ചില പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്. മതുവകളില്‍നിന്ന് പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷം മാര്‍ച്ചോടെ അന്തിമ കരട് തയാറാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു- മിശ്ര പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയമായപ്പോള്‍ ബി.ജെ.പിക്ക് മാതുവ സമുദായത്തെയും സി.എ.എയെയും ഓര്‍മ വന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സന്തനു സെന്‍ പറഞ്ഞു. പശ്ചിമ ബംഗാളില്‍ സി.എ.എ നടപ്പാക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News