റോബിന്‍ ബസ്സുടമ ഗിരീഷിനെതിരെ മുഖ്യമന്ത്രിക്ക് മൂത്ത സഹോദരന്റെ പരാതി, നിരന്തര പീഡനം, പോലീസ് നടപടിയെടുക്കുന്നില്ല

കോട്ടയം - മോട്ടോര്‍ വാഹന വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെതിരെ മൂത്ത സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. റോബിന്‍ ഗിരീഷ് എന്നറിയപ്പെടുന്ന ബേബി ഗിരീഷിന്റെ മൂത്ത സഹോദരനായ  ബേബി ഡിക്രൂസ് ആണ് പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഗിരീഷ് തന്നെയും കുടുംബത്തെയും വര്‍ഷങ്ങളായി പീഡിപ്പിക്കുകയും അര്‍ഹമായ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി വെച്ചിരിക്കുകയുമാണെന്നാണ് കത്തിലെ പ്രധാന ആരോപണം. രോഗിയായ തന്റെ അമ്മയെ കാണാന്‍ പോലും കാണാന്‍ ഗിരീഷിന്റെ ഭീഷണി മൂലം സാധിച്ചില്ല. എന്റെ ഇളയ കുഞ്ഞുങ്ങള്‍ ഇതുവരെ അവരുടെ അമ്മാമ്മയെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് അമ്മയെ കാണാനുള്ള സൗകര്യം ഉണ്ടാക്കണമെന്നുമാണ് കത്തിന്റെ ആദ്യ ഭാഗത്ത് ആവശ്യപ്പെടുന്നത്. റോബിന്‍ ഗീരീഷിന്റെ നിരന്തരമായ ഉപദ്രവങ്ങളും പീഡനങ്ങളും ഭയന്ന് താനും ഭാര്യയും നാല് കുഞ്ഞുങ്ങളും 20 വര്‍ഷമായി മാറി മാറി ഒളിവിലെന്ന പോലെയാണ് ജീവിക്കുന്നത്. പ്രായമായ എന്റെ പിതാവിനെയും എന്നെയും ഗിരീഷ് വീട്ടില്‍ നിന്ന് അടിച്ചിറക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം വിവിധ വാടകവീടുകളില്‍ മാറി മാറി താമസിച്ച് വരവെയാണ് എന്റെ പിതാവ് മരിച്ചത്. തൊട്ടുമുമ്പ് താമസിച്ച വീട്ടിലെത്തി, കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭീഷണിപ്പെടുത്തുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് പുത്തന്‍കുരുശ്ശ് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇപ്പോഴും ഭീഷണി ഭയന്നാണ് ജീവിക്കുന്നത്. മുഖ്യമന്ത്രി ഇടപെട്ട് ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്ന് അപേക്ഷിക്കുന്നതായും കത്തില്‍ ബേബി ഡിക്രൂസ് ആവശ്യപ്പെടുന്നു. പിതാവിന് ഗിരീഷില്‍ നിന്ന് പൊലീസ് സംരക്ഷണം നല്‍കിയ ഉത്തരവിന്റെ പകര്‍ക്കും കത്തിനൊപ്പം ഡിക്രൂസ് ചേര്‍ത്തിട്ടുണ്ട്.

 

Latest News