രണ്ടാംഘട്ടം ഹമാസ് വൈകിപ്പിച്ചതിന് കാരണമുണ്ട്; 17 ബന്ദികളെ വിട്ടയച്ചു, ഇസ്രായില്‍ 39 പേരേയും

ഇസ്രായില്‍ മോചിപ്പിച്ച ഫലസ്തീനി വനിത ഷുരൂഖ് ദുവിയാത്ത് ജറൂസലമിലെ വീട്ടിലെത്തിയപ്പോള്‍.

ഗാസ- ചെറിയ കാലതാമസത്തിന് ശേഷം ഗാസ വെടിനിര്‍ത്തലില്‍ ഹമാസ് രണ്ടാം റൗണ്ട് ബന്ദികളെ മോചിപ്പിച്ചു. 39 ഫലസ്തീനി തടവുകാര്‍ വെസ്റ്റ് ബാങ്കിലെത്തുകയും ചെയ്തു. 13 ഇസ്രായിലികള്‍ ഉള്‍പ്പെടെ 17 ബന്ദികളെയാണ് ഗാസ മുനമ്പില്‍ നിന്ന് ഹമാസ് വിട്ടയച്ചത്. ഇസ്രായില്‍ മോചപിച്ച 39 ഫലസ്തീന്‍ തടവുകാര്‍  റെഡ് ക്രോസ് ബസില്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെത്തി.
വടക്കന്‍ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതിന് ഇസ്രായിലില്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് രണ്ടാംഘട്ടത്തില്‍ ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് അല്‍പം താമസിപ്പിച്ചത്.
ഗാസയെ പൂര്‍ണമായും ബോംബിട്ട് തകര്‍ത്ത 48 ദിവസത്തെ സംഘര്‍ഷത്തില്‍ ആദ്യ ആശ്വാസമായി വെള്ളിയാഴ്ചയാണ് ഗാസ മുനമ്പില്‍  താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.  എന്നാല്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇരുപക്ഷവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കരാര്‍ പ്രകാരം ഹമാസ്  50 ബന്ദികളെയും ഇസ്രായില്‍ 150 ഫലസ്തീന്‍ തടവുകാരെയും നാല് ദിവസത്തിനുള്ളില്‍ മോചിപ്പിക്കണം.  ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ ഇടപെട്ട് സാധ്യമാക്കിയ താല്‍ക്കാലിക വിരാമം വിപുലീകരിക്കാന്‍ അവസരമുണ്ട്. നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ഓരോ 10 ബന്ദികള്‍ക്കും ഒരു ദിവസം എന്ന് തോതില്‍  നീട്ടാമെന്ന് ഇസ്രായില്‍  പറഞ്ഞു.

 

Latest News