ലോക്‌സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത- ലോക്‌സഭാ മുന്‍ സ്പീക്കറും സി.പി.എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസ്സായിരുന്നു. വൃക്കരോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു.

40 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം സുഖപ്പെട്ടതിനെ തുടര്‍ന്നു വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ചൊവ്വാഴ്ച വീണ്ടും ആശുപത്രിയിലെത്തിയ അദ്ദേഹം ശനിയാഴ്ച മുതല്‍ ശ്വസനയന്ത്രത്തിന്റെ സഹായത്തിലാണു കഴിഞ്ഞിരുന്നത്. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടര്‍ന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.
 
10 തവണ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു. യു.പി.എ സര്‍ക്കാരിനു സി.പി.എം പിന്തുണ പിന്‍വലിച്ചപ്പോള്‍ സ്പീക്കര്‍ പദവിയില്‍നിന്ന് രാജിവെക്കാതിരുന്ന അദ്ദേഹത്തെ 2008-ല്‍ പാര്‍ട്ടി പുറത്താക്കി.
 

Latest News