ദുബായ്- അറബ് നൊബേല്‍ എന്നറിയപ്പെടുന്ന ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് അവാര്‍ഡിന്റെ വൈദ്യശാസ്ത്ര വിഭാഗത്തില്‍ സൗദി ഹൃദയശസ്ത്രക്രിയാ വിദഗ്ധന് പുരസ്‌കാരം. യു.എസിലെ ഒഹായോയിലെ ക്ലീവ്‌ലാന്‍ഡ് ക്ലിനിക്ക് ഹോസ്പിറ്റലിലെ മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാര്‍ഡിയാക് സര്‍ജറി വിഭാഗം മേധാവി സൗദി അറേബ്യയില്‍നിന്നുള്ള ഡോ. ഹാനി നജ്മിനാണ് ഈ ഉന്നത ബഹുമതി.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് സംരംഭം വൈദ്യശാസ്ത്രം, എന്‍ജിനീയറിംഗ്, സാമ്പത്തിക ശാസ്ത്രം, സാഹിത്യം, കലകള്‍ തുടങ്ങിയ മേഖലകളിലെ അസാധാരണമായ അറബ് പ്രതിഭകളെ കണ്ടെത്താനും തിരിച്ചറിയാനും ലക്ഷ്യമിടുന്നു. 'മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം സമ്മാനിച്ച' ശ്രദ്ധേയരായ വ്യക്തികള്‍ക്ക് നല്‍കുന്ന നൊബേല്‍ സമ്മാനത്തിന്റെ അറബ് ലോക പതിപ്പ് എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്.
എക്‌സില്‍ അവാര്‍ഡ് പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു: 'ഇന്ന്, ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ പീഡിയാട്രിക്, കണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി ചെയര്‍ ആയി സേവനമനുഷ്ഠിക്കുന്ന സൗദി അറേബ്യയില്‍നിന്നുള്ള ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് അവാര്‍ഡിന്റെ ആദ്യ ജേതാവിനെ ഞങ്ങള്‍ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. സങ്കീര്‍ണമായ ഹൃദ്രോഗമുള്ള രോഗികളില്‍ 10,000 ത്തിലധികം വിജയകരമായ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ അദ്ദേഹം തന്റെ മേഖലയിലെ മികച്ച സംഭാവനകള്‍ക്കും നവീകരണങ്ങള്‍ക്കുമാണ് ആദരിക്കപ്പെടുന്നത്.
'ലോകം ശാസ്ത്രജ്ഞരെ നോബേല്‍ സമ്മാനം നല്‍കി ആഘോഷിക്കുന്നതുപോലെ, അറബ് ശാസ്ത്രജ്ഞരെ അറബ് നൊബേല്‍ നല്‍കി ഞങ്ങള്‍ ആദരിക്കുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






