Sorry, you need to enable JavaScript to visit this website.

ഒരു കണ്ണിലെ കളിക്കാഴ്ചകൾ

തുന്നിക്കെട്ടിയതിന് സമാനമായ വലതു കണ്ണുമായി  പിറന്ന കുഞ്ഞിനെയോർത്ത് നബീസക്ക് ആധിയായിരുന്നു. മകന്റെ ഭാവി ശോഭനമാകാൻ ഉമ്മ സദാ പ്രാർത്ഥിച്ചു. പെറ്റുമ്മയുടെ കരളുരുകിയുള്ള പ്രാർത്ഥനയുടെ ഫലമാകാം ഒരു കണ്ണിന്റെ  കുറവറിയാതെ അവൻ വളർന്നു. ഫുട്‌ബോളറായും പരിശീലകനായും റഫറിയായും നാടറിഞ്ഞു.....

പരേതരായ പച്ചീരി മുഹമ്മദ് എന്ന ബാപ്പുവിന്റെയും നബീസയുടെയും എട്ട് മക്കളിൽ അഞ്ചാമത്തവനാണ് അബ്ബ എന്ന അബ്ദുൽ ഖാദർ. മികച്ച ഫുട്‌ബോൾ താരങ്ങളായിരുന്ന പെരിന്തൽമണ്ണയിലെ ഖാദറലിയുടെ നാട്ടുകാരനാണ്  ഇടതു കണ്ണിന് മാത്രം കാഴ്ചയുള്ള അബ്ബ.
അബ്ദുൽ ഖാദർ കാൽപന്ത് പ്രേമികൾക്ക് മാത്രമല്ല, സകലർക്കും അബ്ബയാണ്. അബ്ദുൽ ഖാദർ എന്ന പേരിന്റെ ആദ്യ രണ്ടക്ഷരമെടുത്ത് സ്വന്തം ഉമ്മ വിളിച്ച ഓമനപ്പേരാണ് അബ്ബ. പെറ്റുമ്മ സ്‌നേഹത്തിൽ പൊതിഞ്ഞ് വിളിച്ച പേര് നാട്ടുകാർ ഏറ്റുവിളിക്കുകയായിരുന്നു. 
പെരിന്തൽമണ്ണ ഹൈസ്‌കൂളിൽ പഠിക്കുമ്പോഴേ അബ്ബ നന്നായി പന്ത് കളിച്ചിരുന്നു. കളിയിലെ മിടുക്ക്  അവനെ സ്‌കൂൾ ടീമിലെത്തിച്ചു. രണ്ട് തവണ സ്‌കൂൾ ഡിസ്ട്രിക്ടിനും ഒരു പ്രാവശ്യം സ്‌റ്റേറ്റിനും കളിച്ചു. തുടർന്ന് സബ് ജൂനിയർ, ജൂനിയർ ഡിസ്ട്രിക്ട് ടീമുകൾക്കും. രണ്ടു തവണ ജൂനിയർ ടീമിലിടം പിടിച്ചു. ഒരു പ്രാവശ്യം നായകനായി. ജില്ലാ ടീമിലെ മികച്ച പ്രകടനം സ്‌റ്റേറ്റ് ടീമിലെത്തിച്ചു. ത്രിപുരയിലെ അഗർത്തലയിൽ നടന്ന നാഷനൽ ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് കേരളത്തിന് കളിച്ചത്. ഇന്ത്യൻ നായകനായി വളർന്ന ഐ.എം. വിജയൻ അന്ന് അബ്ബയുടെ കൂടെ കളിച്ചിരുന്നു.
ജന്മനാട്ടിലെ ഖാദറലിയായിരുന്നു അബ്ബ ആദ്യമായി കളിച്ച ഫുട്‌ബോൾ ക്ലബ്ബ്. തുടർന്ന് മലപ്പുറം സോക്കർ, നിലമ്പൂർ യാസ്, അത്താണിക്കൽ എ.ബി.സി (കോഴിക്കോട്), ആൾ ഇന്ത്യാ സിവിൽ സർവീസ് കേരള (മലപ്പുറം ഡിസ്ട്രിക്ട്, സ്‌റ്റേറ്റ് ടീമുകൾ) എന്നിവക്കും സെവൻസിൽ മലപ്പുറം സൂപ്പർ സ്റ്റുഡിയോ, നിലമ്പൂർ യാസ്, പെരിന്തൽമണ്ണ എലൈറ്റ് ബ്ലൂസ് ടീമുകൾക്കും ബൂട്ടണിഞ്ഞു. സിവിൽ സർവീസ് ടീമുകൾക്ക് നീണ്ട പതിനേഴ് വർഷം കളിച്ചു. ഒരു കണ്ണിന്റെ  അഭാവത്തിലും അബ്ബ കാഴ്ചവെച്ച കളി കാൽപന്ത് പ്രേമികളെ വിസ്മയിപ്പിച്ചു. റൈറ്റ് വിംഗ് ബാക്കിന്റെയും മധ്യനിര താരത്തിന്റെയും റോളായിരുന്നു. ഗോൾ മോഹവുമായി കുമ്മായ വരക്കരികിലൂടെ കുതിച്ച് വന്നവരെ വന്നതിലേറെ വേഗത്തിൽ മടക്കിയയക്കാൻ അബ്ബ എന്ന  വിംഗ് ബാക്കിന് നല്ല മിടുക്കായിരുന്നു. മുന്നേറ്റ നിര താരങ്ങൾക്ക് പിന്തുണയുമായി മധ്യനിരയിലും തിളങ്ങി. അബ്ബയുടെ കാലിൽ നിന്നും  എണ്ണം പറഞ്ഞ നിരവധി ഗോളുകൾ പിറന്നിട്ടുണ്ട്. ത്രിപുരയിൽ നടന്ന നാഷനൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അസമിനെതിരെ നേടിയ ഗോളും തൊടുപുഴയിൽ സംസ്ഥാന ജൂനിയർ ഫുട്‌ബോളിൽ കോട്ടയത്തിനെതിരെ മലപ്പുറത്തിനു വേണ്ടി  നേടിയ ഹാട്രിക്കും ചിലത് മാത്രം. തൊടുപുഴയിൽ  മികച്ച വിംഗ് ബാക്കായി തെരഞ്ഞെടുത്തത് അബ്ബയെയായിരുന്നു.
സെവൻസിലും ഇലവൻസിലുമായി പന്ത് കളിയുമായി കഴിഞ്ഞുകൂടിയിരുന്ന അബ്ബക്ക് 1998 ൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പെരിന്തൽമണ്ണ സബ് ട്രഷറിയിൽ അറ്റന്ററായി ജോലി ലഭിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം വികലാംഗ കോട്ടയിൽ, മികച്ച കാൽപന്ത് താരമെന്ന പരിഗണനയോടെ ആ ജോലി സ്ഥിരപ്പെട്ടു. സർക്കാർ ജീവനക്കാരനായതോടെയാണ് ആൾ ഇന്ത്യാ സിവിൽ സർവീസ് കേരള ഡിസ്ട്രിക്ട്, സ്‌റ്റേറ്റ് ടീമുകൾക്ക് കളിക്കാൻ അവസരം ലഭിച്ചത്. ജന്മദേശമായ പെരിന്തൽമണ്ണ, തിരൂർ, മക്കരപ്പറമ്പ് ട്രഷറികളിൽ ജോലി ചെയ്തിട്ടുള്ള അബ്ബ 2020 ൽ   വിരമിച്ചു.
സജീവ പന്ത് കളിയിൽ നിന്നും അബ്ബ വിടവാങ്ങിയിട്ട് പതിമൂന്നാണ്ടായി. ഏറ്റവുമൊടുവിൽ കളിച്ചത് സിവിൽ സർവീസ് ടീമിനാണ്. എന്നാൽ വെറ്റൻസ് ഫുട്‌ബോളിൽ  അൻപത്തിയൊമ്പതാം വയസ്സിലും കളി തുടരുന്നു. അബ്ബയുടെ കാലുകളിൽ കളിയുണ്ടെന്ന് തിരിച്ചറിഞ്ഞ ആദ്യ പരിശീലകൻ  പെരിന്തൽമണ്ണ ഹൈസ്‌കൂളിലെ കായികാധ്യാപകനായിരുന്ന അബ്ദുൽ റസാഖ് മാസ്റ്ററാണ്. അബ്ബയെ മികച്ച കളിക്കാരനാക്കി മിനുക്കിയെടുത്തതിന്റെ ക്രെഡിറ്റ് മലപ്പുറത്തെ ഇന്റർനാഷനൽ മൊയ്തീൻ കുട്ടിക്കാണ്. കുഞ്ചിക്ക, ഹൈദർ, മൊയ്തീൻ കുട്ടി, ഭരതൻ, ബീരാൻ കുട്ടി എന്നിവരുടെ പരിശീലനവും  ലഭിച്ചു. അബ്ബയുടെ  ഫുട്‌ബോൾ ജീവിതത്തിൽ താങ്ങും തണലുമായി നിന്നവരാണ് സൂപ്പർ അഷ്‌റഫ്, യു. ഷറഫലി, പരേതനായ തോരപ്പ മുഹമ്മദ് എന്ന ബാപ്പു, അസീസ്, മൊയ്തീൻ കുട്ടി, പെരിന്തൽമണ്ണയിലെ എൻ.എ കുഞ്ഞാപ്പ, സൈതാലിക്കുട്ടി, അസി എന്നിവർ.
ആസിഫ് സഹീർ, സൂപ്പർ ബാവ, സി.ജാബിർ, ഹമീദ് ടൈറ്റാനിയം, അൻവർ കാവുങ്ങൽ, ഛോട്ടാ മജീദ്, മങ്കട സുരേന്ദ്രൻ,  സക്കീർ പരപ്പനങ്ങാടി, ബാബു സലീം, അബുട്ടി, സാദിഖ് നിലമ്പൂർ, പി ആന്റ് ടി ഷൗക്കത്ത്,  അജിത് മങ്കട, പെരിന്തൽമണ്ണ സൈതാലി, മൊയ്തീൻ, അസി, റിയാസ് പാണ്ടിക്കാട് തുടങ്ങിയവരോടൊപ്പമെല്ലാം വിവിധ ടീമുകളിൽ കളിച്ചിട്ടുണ്ട്. അബ്ബയുടെ സഹോദരങ്ങളും കളിക്കാരാണ്- ഉസ്മാൻ (പ്രാദേശിക താരം) അബ്ദുറഹിമാൻ (കോസ്‌മോ ക്ലബ്ബ്), അബ്ദുൽ നാസർ (സോക്കർ ക്ലബ്ബ്), റഫീഖ് (ഖാദറലി), റഷീദ് (ഖാദറലി, പ്രസിഡൻസി) എന്നിവർ.  റഫീക്കും റഷീദും അബ്ബയെ പോലെ വെറ്ററൻസ് ഫുട്‌ബോളിൽ  കളി തുടരുന്നു.
നാല് പതിറ്റാണ്ട് നീണ്ട കളി പാരമ്പര്യമുള്ള അബ്ബയുടെ റഫറി ജീവിതത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. എണ്ണമറ്റ സെവൻസ് ടൂർണമെന്റുകൾ നിയന്ത്രിച്ചിട്ടുള്ള അബ്ബയുടെ അമ്പയറിംഗ് കുറ്റമറ്റതാണ്. കാണികളിൽ പലരും ഗാലറിയിലിരുന്ന്  ആവേശത്തിൽ കോളിന അബ്ബ എന്ന് വിളിക്കാറുണ്ട്. പിയർലൂജി കോളിന എന്ന ലോകപ്രശസ്ത ഇറ്റാലിയൻ റഫറിയുടെ പേരിനൊപ്പം തന്നെ ചേർത്ത് വിളിക്കുന്നത് അബ്ബക്ക് സന്തോഷവും അഭിമാനവുമാണ്. കാഴ്ച പരിമിതി അദ്ദേഹത്തിന്റെ അമ്പയറിംഗിൽ പ്രതിഫലിക്കാറേയില്ല. മങ്കട ശ്രീവല്ലഭ രാജ ടൂർണമെന്റിൽ മികച്ച റഫറിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
അബ്ബയുടെ മറ്റൊരു റോൾ പരിശീലകന്റേതാണ്. മലപ്പുറം ജില്ലാ പൈക്ക ടീമുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. സിവിൽ സർവീസ് ടീമിന്റെ നിലവിലെ കോച്ചാണ്. സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റിൽ കഴിഞ്ഞ വർഷം ചാമ്പ്യന്മാരായ മലപ്പുറം ജില്ലാ ടീമിന്റെ പരിശീലകനായിരുന്നു. ഖാദറലി ക്ലബ്ബിന്റെ ജില്ലാ ലീഗ്  ടീമിനെ പരിശീലിപ്പിക്കുന്നതോടൊപ്പം പെരിന്തൽമണ്ണയടക്കമുള്ള വിവിധ പ്രദേശങ്ങളിൽ പുതുതലമുറക്ക്  കോച്ചിംഗ് തുടരുന്നു.
ഹൃദ്യമായ പെരുമാറ്റത്തിനുടമയാണ് അബ്ബ. 2018 ൽ സംസ്ഥാനത്തെ മികച്ച സർക്കാർ ജീവനക്കാരനുള്ള അവാർഡിന്  അർഹനായി. വിരമിച്ച ശേഷം മഞ്ചേരിയിലെ റവന്യൂ വകുപ്പിന് കീഴിലുള്ള ഗ്രീൻ ഫീൽഡ് ഹൈവേയുടെ ഓഫീസിൽ ജീവനക്കാരനായി ജോലി ചെയ്തുവരുന്നു. സർക്കാർ സർവീസിലുണ്ടായിരുന്ന കാലത്തെ മാതൃകാ ജീവനക്കാരനെന്ന പരിഗണനയിലാണ് കോഴിക്കോട്പാലക്കാട് ഹൈവേ നിർമാണത്തിന്റെ സ്ഥലമെടുപ്പിനുള്ള ഗ്രീൻ ഫീൽഡ് ഹൈവേ ഓഫീസിൽ ഡെയ്‌ലി വേജസിൽ താൽക്കാലിക ജോലി ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് പെരിന്തൽമണ്ണയിൽ സർക്കാർ ജീവനക്കാരുടെ കാന്റീൻ ഉദ്ഘാടന വേളയിൽ മുഖ്യാതിഥിയായിരുന്ന അന്നത്തെ ഡെപ്യൂട്ടി കലക്ടർ ജാഫർ മാലിക് നാട മുറിക്കാനുള്ള കത്രിക അബ്ബക്ക് കൈമാറിയത് അഭിമാന നിമിഷമായി. പെരിന്തൽമണ്ണ  പോലീസ് സ്‌റ്റേഷൻ, സബ് ജയിൽ, ബ്‌ളോക്ക്, എക്‌സൈസ് ഓഫീസ്, ഹെഡ് പോസ്‌റ്റോഫീസ്, ഖാദറലി ക്ലബ്ബ്, പരിയാപുരം സെന്റ് മേരീസ് സ്‌കൂൾ, ഡി.ഒ.എച്ച്.എസ് തൂത, പി.ടി.എം സ്‌കൂൾ താഴക്കോട്, ആർ.എം.എച്ച്.എസ് മേലാറ്റൂർ, അങ്ങാടിപ്പുറം തരകൻ ഹൈസ്‌കൂൾ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും കലാലയങ്ങളും മറ്റും മാതൃകാ ജീവനക്കാരനായ അബ്ബയെ ആദരിച്ചിട്ടുണ്ട്. അബ്ബയുടെ അങ്ങാടിപ്പുറത്തെ വീടിന്റെ ലീവിംഗ് റൂം നിറയെ അദ്ദേഹത്തിന് ലഭിച്ച നൂറുകണക്കിന് മെമന്റോകളും ട്രോഫികളുമാണ്.
അബ്ബയുടെ ഭാര്യ ഫാത്തിമത്ത് സുഹ്‌റ. മക്കൾ: സഫാന, 
സംജദ്ദ് ഹക്കീൽ, ജംഷീദ്. രണ്ട് പേരും ദുബായിൽ ജിം ട്രെയിനർമാരാണ്. ഇരുവരെയും നേരത്തെ മിസ്റ്റർ മലപ്പുറമായി തെരഞ്ഞെടുത്തിട്ടുണ്ട്. മുസ്തഫ (ജിദ്ദ)  ജാമാതാവാണ്.

Latest News