ദോഹ- വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രായില്‍ ലംഘിക്കാത്തിടത്തോളം കരാര്‍ നിബന്ധനകള്‍ പാലിക്കാന്‍ ഹമാസ് പ്രതിജ്ഞാബദ്ധമാണെന്ന് സംഘടനയുടെ നേതാവ് ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. ഒരു ചെറിയ വീഡിയോ സന്ദര്‍ശനത്തിലാണ് ഹമാസ് നേതാവ് ഇക്കാര്യം പറഞ്ഞത്.
ഗാസക്കെതിരായ ഇസ്രായില്‍ ആക്രമണം തടയാനുള്ള ശ്രമങ്ങള്‍ ഹമാസ് തുടരും. തടവുകാരുടെ കൈമാറ്റം പൂര്‍ത്തിയാക്കണം. ഗാസ മുനമ്പിലെ ഇസ്രായേല്‍ ഉപരോധം അവസാനിപ്പിക്കുകയും അല്‍അഖ്‌സ മസ്ജിദിന് നേരെയുള്ള ആക്രമണം നിര്‍ത്തുകയും വേണം-ഇസ്മായില്‍ ഹനിയ്യ പറഞ്ഞു. ജറൂസലമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രത്തിനുള്ള ഫലസ്തീനികളുടെ നിയമാനുസൃത ദേശീയ അവകാശം അംഗീകരിക്കുക, സ്വയം നിര്‍ണയാവകാശം അനുവദിക്കുക, ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ തിരിച്ചുവരവിന് അവസരമൊരുക്കുക എന്നിവയാണ് ആവശ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു.