Sorry, you need to enable JavaScript to visit this website.

പ്രവാസി വോട്ടിനെ കോൺഗ്രസും സി.പി.എമ്മും  എതിർത്തു -ലീഗ് നേതാവ്

ദോഹ- പ്രവാസികൾക്ക് വോട്ട് അനുവദിക്കുന്നതിനെ കോൺഗ്രസും സി.പി.എമ്മും എതിർത്തിരുന്നതായി പ്രവാസി വോട്ടിനായുളള കേസിൽ സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനും കെ.എം.സി.സി ദൽഹി ഘടകം പ്രസിഡന്റുമായ അഡ്വ.ഹാരിസ് ബീരാൻ. ഇത് ഇലക്ഷൻ കമ്മീഷൻെറ രേഖകളിൽ കാണാമെന്നും ദോഹയിൽ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സ് പരിപാടിയിൽ  അദ്ദേഹം പറഞ്ഞു. സി.പി.എം താത്വികമായ കാരണങ്ങൾ നിരത്തിയപ്പോൾ കോൺഗ്രസ് പ്രായോഗിക പ്രശ്‌നങ്ങൾ ഉന്നയിച്ചാണ് പ്രവാസി വോട്ടിന് എതിര് നിന്നത്. മറ്റു ചില ചെറുകിട പാർട്ടികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രവാസി വോട്ടവകാശ ബിൽ ലോക്‌സഭയിൽ പാസാക്കിയതിനെ ധൃതിപിടിച്ച തീരുമാനമെന്ന് പറഞ്ഞ് ഒരു മുതിർന്ന കോൺഗ്രസ് എം.പി വിമർശിച്ചു. രാജ്യസഭയിൽ ബില്ല് വരുമ്പോൾ കോൺഗ്രസ് എതിർത്താൽ ബില്ല് പാസാകാൻ പ്രയാസമുണ്ടാകുമെന്നും തടസവാദങ്ങളുന്നയിച്ച് ബിൽ സബ്ജക്ട് കമ്മറ്റിക്ക് വിട്ടാൽ നിർണായകമായ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും അദ്ദഹം പറഞ്ഞു. ഈ വിഷയത്തിൽ പ്രവാസികൾ കൂടുതൽ ജഗ്രത കാണിക്കണം.
പ്രവാസി വോട്ട് പ്രവാസികളുടെ നിയമ പോരാട്ടത്തിൻെറ വിജയമാണ്. പ്രവാസികളുടെ വോട്ടിനായുളള പേരാട്ടം ഖത്തറിലെ പ്രവാസി വ്യവസായി അഹമ്മദ് അടിയോട്ടിലാണ് ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 2010 ൽ പ്രവാസികൾക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനുളള അവകാശം ലഭിച്ചു. തുടർന്ന് 2014 ൽ ഡോ.ഷംസീർ വയലിൽ നൽകിയ ഹരജിയെ തുടർന്നാണ് വിദേശ രാജ്യങ്ങളിൽ നിന്നും വോട്ട് ചെയ്യാനുളള അവകാശം പ്രവാസികൾക്ക് ഇപ്പോൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞുു. ഇപ്പോൾ ലഭിച്ചത് മുക്തിയാർ വോട്ടിനുളള അവകാശമാണ്. ഇന്ത്യൻ ജനപ്രാതിനിധ്യ നിയമത്തിൽ നിലനിൽക്കുന്ന ഒരു സംവിധാനമെന്ന നിലയിലായിരിക്കും ഇലക്ഷൻ കമ്മീഷൻ  ഈ രീതി തെരഞ്ഞെടുത്തത്. വർഷങ്ങളായി പട്ടാളക്കാർക്കിടയിലും മറ്റും ഇത് ഇലക്ഷൻ കമ്മീഷൻ അനുവദിച്ചിട്ടുണ്ട്. മുക്തിയാർ വോട്ട് വോട്ടിംഗിൻെറ സ്വകാര്യത നശിപ്പിക്കും. ബന്ധുക്കൾക്കാണ് ഈ വോട്ട് ചെയ്യാൻ സാധിക്കുക. അടുത്ത ശൈത്യകാലത്ത് നടക്കുന്ന രാജ്യസഭ സമ്മേളനത്തിൽ ബിൽ പാസായാൽ ഒരു മാസം കൊണ്ട് അതിൻെറ വ്യവസ്ഥകൾക്ക് കമ്മീഷൻ രൂപം നൽകും. തുടർന്ന് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഇലക്‌ട്രോണിക് വോട്ടിംഗിനെ കുറിച്ച് ഇപ്പോഴും ഗവൺമെൻറ് കണ്ണടച്ചിട്ടില്ല. ഇപ്പോൾ അത് സൈനികർക്ക് ഇടയിൽ നടപ്പിലാക്കിയിട്ടുണ്ട്. ഒരു കോടിയിലധികം പ്രവാസികളുടെ വോട്ട് ഇലക്‌ട്രോണിക് രീതിയിൽ കൈകാര്യം ചെയ്യുന്നതിലെ ആശങ്കയായിരിക്കും തൽക്കാലം മുക്തിയാർ വോട്ട് അനുവദിക്കാൻ ഗവൺമെൻറിനെ പ്രേരിപ്പിച്ചത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെത്തി വോട്ട് ചെയ്യുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിച്ചിടുണ്ട്. പ്രവാസികൾ അധികവും ഗൾഫ് രാജ്യങ്ങളിലാണ്. എംബസികളിൽ വോട്ടിനായി എത്തുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളും മറ്റും ഇത്തരം രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പ്രവാസി വോട്ട് നിയമമായി അതിൻെറ ചട്ടങ്ങൾ കൂടി നിലവിൽ വരുമ്പോൾ പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസികൾക്ക് നേരിട്ട് ബൂത്തിലെത്തി വോട്ട് ചെയ്യാൻ അനുവദിക്കുന്ന നിയമം ഇപ്പോഴും നിലനിൽക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷറഫ് തൂണേരി സ്വാഗതവും ട്രഷറർ ഷഫീഖ് അറക്കൽ നന്ദിയും പറഞ്ഞു.

Latest News