ഇശലുകളുടെ സുൽത്താന

മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായ സി.വി.എ. കുട്ടി ചെറുവാടിയുടെ മകൾ അമീന സുൽത്താന പിതാവിന്റെ പാതയിലൂടെ പുതിയ വേദികൾ കീഴടക്കി മുന്നേറുകയാണ്. മലയാളത്തിലും അറബിയിലുമായി നിരവധി പാട്ടുകൾ പാടിയും അഞ്ഞൂറോളം പാട്ടുകൾ റെക്കോർഡ് ചെയ്തുമാണ് അമീന സുൽത്താന എന്ന യുവഗായിക സംഗീതാസ്വാദകരുടെ ശ്രദ്ധ നേടുന്നത്. ആകാശവാണി ആർട്ടിസ്റ്റായും വേദികളുടെ ഹരമായും പിതാവ് സി.വി.എ. കുട്ടിയും സംഘവും സജീവമായ കാലത്താണ് അമീന സുൽത്താന ജനിക്കുന്നത്. സ്വാഭാവികമായും പാട്ടുപരിസരത്ത് ജനിച്ച് വളർന്ന അമീനയും പാട്ടുകാരിയായി മാറുകയായിരുന്നു.
നാലാം വയസ്സിൽ നാട്ടിലെ മദ്രസ ബിൽഡിംഗ് ഉദ്ഘാടന പരിപാടിക്ക് ഉമ്മയോടൊപ്പം സദസ്സിലിരിക്കുമ്പോൾ വേദിയിൽ മുതിർന്ന കുട്ടികൾ പാട്ട് പാടുന്നത് കേട്ട് തനിക്കും പാട്ട് പാടണമെന്ന് വാശിപിടിച്ച് കരഞ്ഞതും നിഷ്‌കളങ്കമായ കുട്ടിയുടെ താൽപര്യം പരിഗണിച്ച് സംഘാടകർ വേദിയിലേക്ക് കയറ്റുകയും മൈക്ക് കൊടുത്തു പാടാൻ അവസരം നൽകുകയുമായിരുന്നു.

ഉപ്പ പഠിപ്പിക്കുന്ന സ്‌കൂളിൽ ഒന്നാം ക്ലാസ് തെട്ടേ പാട്ട് പാടാൻ തുടങ്ങി. സ്‌കൂൾ സബ്ജില്ല - ജില്ല -സംസ്ഥാന തലങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു. തുടക്കത്തിൽ അറബി - മാപ്പിളപ്പാട്ട് ഇനങ്ങളിലാണ് പങ്കെടുത്തിരുന്നതെങ്കിലും പിന്നീട് ഉർദു ഗസലിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. നഴ്സിംഗ് വിദ്യാർത്ഥിനിയായിരിക്കേ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള സംസ്ഥാനതല മത്സരത്തിൽ ഉർദു ഗസലിന് ഒന്നാം സ്ഥാനം ലഭിച്ചത് പാട്ട് ജീവിതത്തിലെ സുവർണ നേട്ടമായി അമീന സുൽത്താന ഓർത്തെടുക്കുന്നു. 'അഞ്ജുമൻ തർഖി കേരള'യുടെ പ്രത്യേക അവാർഡ് എം.പി. അബ്ദുസമദ് സമദാനിയിൽ നിന്നും സ്വീകരിച്ചതും ഈ ഗായികയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഓർമയാണ്.

സ്‌കൂൾ പാഠപുസ്തകങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലെ അറബി കവിതകൾ, ഉർദു കവിതകൾ, ഹിന്ദി കവിതകൾ എന്നിവയുടെ കാസറ്റുകളിലും സി.ഡികളിലുമായി പ്രശസ്ത ഗായകരായ സിദ്റത്തുൽ മുൻതഹ, റുബീന ഖാലിദ് മൈ മൂൺ, ഹർഫ എടവണ്ണ, സ്വഫ കുഞ്ഞീൻ, റസീന ഖാലിദ് മൈ മൂൺ ( അഞ്ചു പേരും ഇപ്പോൾ ഡോക്ടർമാരാണ്) ഷഹനാസ് റഊഫ് കടവത്തൂർ, അബ്ദുല്ല തിരൂർക്കാട്, ഹുസ്ന അഴിയൂർ എന്നിവരോടൊപ്പം കാസറ്റുകൾക്കും സി.ഡികൾക്കുമായി പാടിയിട്ടുണ്ട്.

ഇപ്പോൾ പിതാവ് സി.വി.എ. കുട്ടി ചെറുവാടിയുടെ ഗായക സംഘത്തിലെ മുഖ്യ ഗായികയാണ് അമീന സുൽത്താന. കേരളത്തിലെ വിവിധ വേദികൾക്കൊപ്പം ദുബായ് നെല്ലറ വില്ലയിൽ നടന്ന തനത് മാപ്പിള കലാസാഹിത്യ വേദിയുടെ വാർഷിക പരിപാടിയിൽ വി.എം. കുട്ടി മാഷിനും ഫസീല താത്തയോടുമൊപ്പം പരിപാടി നടത്താൻ സാധിച്ചതും ജീവിതത്തിലെ നല്ല ഓർമയാണ്.

കോഴിക്കോട് അബൂബക്കറും അരീക്കോട് മുഹമ്മദ് കുട്ടിയുമാണ് ഇഷ്ട സംഗീതജ്ഞർ. ഒ.എം കരുവാരക്കുണ്ട്, എസ്.എ. ജമീൽ,  പക്കർ പന്നൂർ, ബാപ്പു വെള്ളിപറമ്പ്, ഹസൻ നെടിയനാട്, അഷ്റഫ് പാലപ്പെട്ടി, മജീദ് കൂളിമാട്, മൊയ്തു മാസ്റ്റർ വാണിമേൽ, ടി.പി. അബ്ദുല്ല, ഇ.കെ.എം. പന്നൂർ, ചെറിയമുണ്ടം അബ്ദുറസാഖ് മൗലവി, നസ്റുദ്ദീൻ മണ്ണാർക്കാട്, പി.കെ.അബ്ദുല്ല മാസ്റ്റർ, കെ.എസ്. ഖാദർ, നസീർ ചെറുവാടി, റഹ്മത്തുല്ല മഗ് രിബി, എൻ.കെ.എം. കൊടിയത്തൂർ, ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം, ബദറുദ്ദീൻ പാറന്നൂർ, അഷ്റഫ് സഅദി തുടങ്ങി പ്രഗത്ഭ രചയിതാക്കളുടെയെല്ലാം പാട്ടുകൾ വേദികളിലും റെക്കോർഡുകളിലും പാടിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ കൊച്ചുന്നാൾ തൊട്ടേ റെക്കോർഡിംഗിന് വേണ്ടി പോയിരുന്നെങ്കിലും ഇപ്പോൾ ചെറുവാടിയിൽ സുൽത്താന റെക്കോർഡിംഗ് സ്റ്റുഡിയോയിലാണ് കൂടുതലായും റെക്കോർഡിംഗ് നടക്കുന്നത്. ഉപ്പയുടെയും ഉമ്മയുടെയും ഭർത്താവിന്റെയും സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയുമൊക്കെ പൂർണ പ്രോത്സാഹനത്തിലാണ് നാലാം വയസ്സ് മുതൽ ഉപ്പയുടെ കൈയിൽ തൂങ്ങിപ്പിടിച്ച് തുടങ്ങിയ പാട്ടുയാത്ര ഇന്നും തുടരുന്നത്.
കെ.എസ്. ഖാദർ രചിച്ച കഷ്ടങ്ങൾ തീർക്കാൻ അല്ലാഹു മാത്രം, എസ്.എ. ജമീലിന്റെ ഈ ദുനിയാവെന്ന മസ്ജിദ്, സലാം ഫോക്കസ് മാളിന്റെ ഇഹലോക ജീവിതമിൽ, ഹസൻ നെടിയനാടിന്റെ മൗത്തായ് മറഞ്ഞുപോയ് അമീർ മില്ലത്ത്, ചെറിയമുണ്ടം റസാഖ് മൗലവിയുടെ തളിരിടും കാലത്ത് ......
നസ്റുദ്ദീൻ മണ്ണാർക്കാടിന്റെ അലിയാർ മനം നൊന്ത് കരച്ചിലായി.....
തുടങ്ങിയവയാണ് ഇഷ്ട ഗാനങ്ങൾ.
സ്റ്റേജിൽ ആടിപ്പാടുന്നതിൽ നിന്നും വ്യത്യസ്തമായി നിന്ന് പാടാനാണ് തനിക്ക് താൽപര്യമെന്നാണ് ഈ ഗായിക പറയുന്നത്. പാട്ടിന്റെ വരികളും സംഗീതവുമാണ് പ്രധാനം.

ഖത്തറിലെ വക്ര ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരി ആബിദ അഹ്മദിനേയും ഭർത്താവിനേയും സന്ദർശിക്കാനാണ് ബി.എസ്‌സി നഴ്സിംഗ് കോഴ്സ് കഴിഞ്ഞ അമീന സുൽത്താന മാതാപിതാക്കളോടും ഭർത്താവ് മുഹമ്മദ് ആദിലിനുമൊപ്പം ഖത്തറിൽ എത്തിയത്. ഒരു വയസ്സിലേക്കെത്തുന്ന മകൾ ലുജൈൻ ഖയാലും കൂടെയുണ്ട്.
ഖത്തറിലെ വിവിധ വേദികളിൽ പിതാവും മകളും അണി നിരക്കുന്ന സംഗീത നിശകൾ പ്രതീക്ഷിക്കാമെന്നാണ് മാപ്പിളപ്പാട്ടാസ്വാദകർ കണക്കുകൂട്ടുന്നത്.

ഫോട്ടോ. അമീന സുൽത്താന
2.അമീന സുൽത്താന ഭർത്താവ് മുഹമ്മദ് ആദിലിനും മകൾ ലുജൈൻ ഖയാലിനുമൊപ്പം
 
    

Latest News