വടക്കന്‍ ഗാസയിലേക്ക് മടങ്ങാന്‍ ജനങ്ങള്‍, തടഞ്ഞ് ഇസ്രായില്‍

ഗാസ- വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ വീടുകളിലേക്ക് മടങ്ങാനുള്ള ഫലസ്തീനികളുടെ ശ്രമം തടഞ്ഞ് ഇസ്രായില്‍. യുദ്ധം അവസാനിച്ചിട്ടില്ലെന്നും വടക്കന്‍ ഗാസയിലേക്ക് ആര്‍ക്കും തിരിച്ചുവരാനാകില്ലെന്നും ഇസ്രായില്‍ പറഞ്ഞു.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ പ്രാബല്യത്തില്‍ വന്നതോടെ വലിയൊരു കൂട്ടം കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, യുദ്ധം തകര്‍ത്ത വടക്ക് ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഇസ്രായില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇസ്രായില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ് വകവെക്കാതെ, വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത്ത് ലാഹിയയിലെ തങ്ങളുടെ വീടുകളിലേക്ക് ഫലസ്തീനികള്‍ മടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗാസ മുനമ്പിന്റെ വടക്കന്‍ ഭാഗത്തേക്ക് മടങ്ങാന്‍ സാധാരണക്കാരെ ഹമാസ് പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. അത് സംഭവിക്കുന്നത് തടയാന്‍ ഇസ്രായില്‍ സൈന്യം തയാറെടുക്കുകയാണ്. വടക്കന്‍ ഗാസയിലേക്ക് പോകാന്‍ ശ്രമിച്ച ഏഴ് പേര്‍ക്ക് ഇസ്രായില്‍ സേനയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും തെക്കന്‍ ഗാസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

 

Latest News