Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേദന കടുത്തപ്പോള്‍ ആംബുലന്‍സ് ആശുപത്രിയായി; ആദിവാസി യുവതിക്ക് സുഖപ്രസവം

ചെന്നൈ- പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്ന് 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന 26കാരി ആദിവാസി യുവതിക്ക് പാതി വഴിയില്‍ സുഖപ്രസവം. നായകനേരി മലയോരത്തെ ചെളി നിറഞ്ഞ പാതയില്‍ ആംബുലന്‍സ് ആശുപത്രിയായപ്പോള്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 

തിരുപ്പത്തൂരിലെ ആമ്പൂര്‍ ടൗണിനടുത്ത് നായകനേരി കുന്നിലെ റിസര്‍വ് വനത്തിന് നടുവിലെ ചെളി നിറഞ്ഞ പാതയിലായിരുന്നു പ്രസവം നടന്നത്. ആദിവാസി കുഗ്രാമമായ പന്നക്കാട്ടുവേരിയിലെ മലയാളി ഗോത്രത്തില്‍ പെടുന്ന എം. വിജയയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

മലയോര മേഖലയില്‍ നിന്നും ആശ പ്രവര്‍ത്തകയുടെ വിളി വന്നയുടന്‍ മെഡിക്കല്‍ ടെക്നീഷ്യനായ പീര്‍ മുഹമ്മദ് ഇസ്മയിലിന്റെ നേതൃത്വത്തില്‍ 108 ആംബുലന്‍സ് ആശുപത്രിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമത്തിലേക്ക് പുറപ്പെട്ടിരുന്നു.  വിജയയും ഭര്‍ത്താവ് കെ സുബ്രഹ്‌മണിയും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പ്രസവവേദന രൂക്ഷമാവുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ എസ്. മേഗനാഥന്‍ ആംബുലന്‍സ് കുഗ്രാമത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള പാതയില്‍ നിര്‍ത്തി, മിനിറ്റുകള്‍ക്ക് ശേഷം വിജയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരെ നേരത്തെ വിവരം അറിയിച്ചിരുന്നു.
'പെണ്‍കുഞ്ഞും അവളുടെ അമ്മയും സുഖമായിരിക്കുന്നുവെന്നും അവരെ പിന്നീട് അമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 

നായകനേരി, പന്നക്കാട്ടുവേരി, കമലത്തത്തൂര്‍ എന്നീ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുപ്പത്തൂരിലെ ജവാദു ഹില്‍സിന്റെ ഭാഗമായ കുന്നിലെ നായകനേരി ഗ്രാമപഞ്ചായത്ത്. താമസക്കാരില്‍ ഭൂരിഭാഗവും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും വരുമാനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരുമാണ്.

നിലവില്‍, ഈ ഗ്രാമങ്ങളിലെ ഗര്‍ഭിണികളെ നിരീക്ഷിക്കാനുള്ള ചുമതല ഒരു ആശാ വര്‍ക്കര്‍ക്കാണ്. ഓരോ കുഗ്രാമവും ശരാശരി 12 കിലോമീറ്റര്‍ അകലെയാണ്. ഈ കുഗ്രാമങ്ങള്‍ക്ക് ഒരു ഉപ-ആരോഗ്യ കേന്ദ്രമോ വില്ലേജ് ഹെല്‍ത്ത് നഴ്‌സോ ഇല്ല. ഒരു വര്‍ഷം മുമ്പാണ് മലയോരത്തേക്ക് ആംബുലന്‍സ് സേവനം ആരംഭിച്ചത്. എന്നാല്‍, പ്രത്യേക പിഎച്ച്സിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യവും ഇല്ലാത്തതിനാല്‍ ആംബുലന്‍സ് അമ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍ത്തിയിരിക്കുകയാണ്. ബിറ്റുമെന്‍ റോഡും മിനി ബസ് സര്‍വീസും ഉള്‍പ്പെടുന്ന നായകനേരി കുഗ്രാമത്തില്‍ നിന്ന് വ്യത്യസ്തമായി, മറ്റ് രണ്ട് ആദിവാസി കുഗ്രാമങ്ങള്‍ ടൗണിലെത്താന്‍ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം അനുയോജ്യമായ ചെളി നിറഞ്ഞ പാതയെയാണ് ആശ്രയിക്കുന്നത്.

മഴക്കാലത്ത് ഈ പാത ചെളിയും വഴുവഴുപ്പും ആയി മാറുന്നതിനാല്‍ ആംബുലന്‍സുകള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. ഈ ആദിവാസി ഗ്രാമങ്ങളിലേക്കുള്ള റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കലക്ടര്‍ ഡി. ഭാസ്‌കര പാണ്ഡ്യന്റെ ഇടപെടല്‍ വേണമെന്ന് നിവാസികള്‍ ആവശ്യപ്പെട്ടു.

Latest News