ദോഹ- ഫലസ്തീനിനും ഇസ്രായിലിനുമിടയിലെ സംഘർഷത്തിൽ എപ്പോഴും പറഞ്ഞു കേൾക്കുന്ന പേരാണ് ഇസ്മായിൽ ഹനിയയുടേത്. ഗാസയിൽ ഇസ്രായിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖമാണ് ഹനിയ. കേരളത്തിൽ മലപ്പുറം ജില്ലയിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ഇസ്മായിൽ ഹനിയ്യ ഓൺലൈനിലൂടെ പങ്കെടുത്തത് സംബന്ധിച്ച് ചില കോണുകളിൽനിന്നുയർന്ന വിമർശനമാണ് മലയാളികളിൽ ചിലർക്ക് ഈ പേര് പരിചിതമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹനിയ്യയുടെ പേര് ദേശീയ അന്തർദേശീയ മാധ്യമങ്ങളിലുണ്ട്.
ഇസ്രായിലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗാസയിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ഇസ്മായിൽ ഹനിയയുടെ കുടുംബവീട് തകരുകയും രണ്ടു പേരക്കുട്ടികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2017-മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഇസ്മായിൽ ഹനിയ മാറുന്നത്. ഗാസ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് ഹനിയ ഖത്തറിൽ എത്തിയത്. ഏറ്റവും ഒടുവിൽ നടന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന്റെ മുഖമായിരുന്നു ഹനിയ്യ. ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങൾ നിലവിൽ സംസാരിക്കുന്നത് ഹനിയ്യയാണ്.
അറബ് രാജ്യങ്ങൾ ഇതേവരെ ഒപ്പുവെച്ച ഒരു കരാറും ഫലസ്തീനിനും ഇസ്രായിലിനും ഇടയിലെ സംഘർഷം അവസാനിപ്പിക്കില്ല എന്നായിരുന്നു ഒക്ടോബർ ഏഴിലെ ആക്രമണത്തിന് തൊട്ടുപിന്നാലെ ഹനിയ പ്രഖ്യാപിച്ചത്. അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം. ഹമാസ് നേതാവായ ഖാലിദ് മിഷേലിനൊപ്പമാണ് ഇസ്മായിൽ ഹനിയ ഗൾഫ് മേഖലയിൽ നയതന്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഇസ്രായിൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിനും ഹമാസിനും ഗാസയ്ക്കും കൂടുതൽ സഹായം ലഭ്യമാക്കുന്നതിനും വേണ്ടി ഇവർ പ്രവർത്തിച്ചു. ഇരുവരെയും ഹമാസിനെയും ഭീകര നേതാക്കളും സംഘടനയുമായാണ് ഇസ്രായിൽ കണക്കാക്കുന്നത്. അതേസമയം, ഒക്ടോബർ ഏഴിലെ ആക്രമണത്തെ പറ്റി ഹനിയക്ക് അറിവില്ലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയിലെ ഹമാസ് മിലിട്ടറി കൗൺസിൽ തയ്യാറാക്കിയ പദ്ധതി, വളരെ സൂക്ഷ്മമായി സംരക്ഷിച്ച രഹസ്യമായിരുന്നു. അതിന്റെ സമയവും അളവും കണ്ട് ചില ഹമാസ് ഉദ്യോഗസ്ഥർ വരെ ഞെട്ടിപ്പോയി എന്നാണ് വാർത്തകളിലുള്ളത്. അതേസമയം, ഹമാസിന്റെ പോരാട്ട ശേഷി വളർത്തിയെടുക്കുന്നതിൽ സുന്നി മുസ്ലീമായ ഹനിയയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഹനിയ ഹമാസിന്റെ ഗാസയിലെ ഉന്നത നേതാവായിരുന്ന ദശകത്തിൽ, സംഘത്തിന്റെ സൈനിക വിഭാഗത്തിലേക്ക് മാനുഷിക സഹായം വഴിതിരിച്ചുവിടാൻ അദ്ദേഹത്തിന്റെ നേതൃത്വ സംഘം സഹായിച്ചതായി ഇസ്രായിൽ ആരോപിക്കുന്നു.
ഷട്ടിൽ ഡിപ്ലോമസി
2017-ൽ ഹനിയ ഗാസ വിട്ടപ്പോൾ, ഹനിയയുടെ പിൻഗാമിയായി യഹ്യ സിൻവാറാണ് ചുമതലയേറ്റത്. രണ്ട് പതിറ്റാണ്ടിലേറെ ഇസ്രായിൽ ജയിലിലായിരുന്നു സിൻവാർ. തടവുകാരെ കൈമാറ്റം ചെയ്യൽ കരാറനുസരിച്ചാണ് സിൻവാർ തിരികെ ഗാസയിൽ എത്തിയത്.
അറബ് ഗവൺമെന്റുകളുമായുള്ള ഹമാസിന്റെ രാഷ്ട്രീയ പോരാട്ടമാണ് ഹനിയ നയിക്കുന്നതെന്ന് ഖത്തർ യൂണിവേഴ്സിറ്റിയിലെ ഫലസ്തീൻ കാര്യങ്ങളിൽ വിദഗ്ധനായ അദീബ് സിയാദെ പറഞ്ഞു. ഗ്രൂപ്പിലെയും സൈനിക വിഭാഗത്തിലെയും കൂടുതൽ ഉന്നത വ്യക്തികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഹനിയ ഹമാസിന്റെ രാഷ്ട്രീയ നയതന്ത്ര മുന്നണിയാണ്- സിയാദെ പറഞ്ഞു.
വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥ പങ്കുവഹിച്ച ഈജിപ്തിലെ ഉദ്യോഗസ്ഥരുമായി ഹനിയയും ഖാലിദ് മിഷ്അലും കൂടിക്കാഴ്ച നടത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖംനഈയെ കാണാൻ ഹനിയെ നവംബർ ആദ്യം ടെഹ്റാനിലേക്ക് പോയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
1962-ലാണ് ഹനിയ ജനിച്ചത്. ഗാസ അഭയാർത്ഥി ക്യാമ്പായ അൽ-ഷാതിയിലായിരുന്നു ഹനിയയുടെ വീട്. ഈ വീട്ടിൽ നവംബർ പതിനാറിന് ഇസ്രായിൽ യുദ്ധവിമാനങ്ങൾ ബോംബിട്ടു. ഈ വീട് ഹമാസിന്റെ മുതിർന്ന നേതാക്കളുടെ മീറ്റിംഗ് പോയിന്റാണ് എന്നായിരുന്നു ഇസ്രായിൽ ആരോപണം. ഹമാസ് നേതാവായിരുന്ന അഹമ്മദ് യാസിന്റെ അടുത്ത അനുയായി പിന്നീട് ഹനിയ മാറി. ഏകാധിപതികൾക്കും സ്വേച്ഛാധിപതികൾക്കും മുന്നിൽ മുട്ടുമടക്കരുത് എന്ന് ഞങ്ങൾ പഠിച്ചത് അഹമ്മദ് യാസിന്റെ അടുത്തുനിന്നായിരുന്നുവെന്ന് ഒരിക്കൽ ഹനിയ പറഞ്ഞു. ഏതാണ്ട് പൂർണമായും തളർന്നുപോയ അഹമ്മദ് യാസീനൊപ്പം ഏത് സമയത്തും ഹനിയ ഉണ്ടായിരുന്നു. 'ഇസ്ലാമിനോടുള്ള സ്‌നേഹവും ഇസ്ലാമിന് വേണ്ടിയുള്ള ത്യാഗവും ഞങ്ങൾ പഠിച്ചത് അഹമ്മദ് യാസീനിൽനിന്നായിരുന്നുവെന്ന് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലും ഹനിയ പറഞ്ഞു. 2004ലാണ് യാസിനെ ഇസ്രായിൽ കൊലപ്പെടുത്തിയത്.
ഹമാസ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യകാല വക്താവായിരുന്നു ഹനിയ. ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് 'ഉയരുന്ന സംഭവവികാസങ്ങളെ നേരിടാൻ ഹമാസിനെ പ്രാപ്തമാക്കും എന്നായിരുന്നു ഹനിയ പറഞ്ഞത്. തുടക്കത്തിൽ ഇത് അംഗീകരിക്കാൻ ഹമാസ് തയ്യാറായില്ല. എന്നാൽ പിന്നീട് രാഷ്ട്രീയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇസ്രായിൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങിയതിന് ശേഷം 2006-ൽ ഫലസ്തീൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ഇസ്മായിൽ ഹനിയ പ്രധാനമന്ത്രിയാകുകയും ചെയ്തു. 2007ൽ ഹമാസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തു. ഹമാസ് സായുധ പോരാട്ടം ഉപേക്ഷിച്ചോ എന്ന് റോയിട്ടേഴ്സ് റിപ്പോർട്ടർമാർ 2012-ൽ ചോദിച്ചപ്പോൾ, 'തീർച്ചയായും ഇല്ല' എന്ന് മറുപടി നൽകിയ ഹനിയ, എല്ലാ രൂപത്തിലും പോരാട്ടം തുടരുമെന്നായിരുന്നു പ്രഖ്യാപിച്ചത്. ഇസ്രായിലിനും ഹമാസിനും ഇടയിൽ ചർച്ചയിലെ ഹമാസിനെ അംഗീകരിച്ചുള്ള ഇസ്രായിലിന്റെ കരാർ ഒപ്പിടൽ തന്നെ ഇസ്മായിൽ ഹനിയക്കും ഹമാസിനും നൽകുന്ന ഊർജ്ജം ചെറുതായിരിക്കില്ല.