എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തറിന്റെ എൻട്രി പ്ലാറ്റ്‌ഫോമായും ഹയ്യ കാർഡ് 

ദോഹ- 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ദോഹയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തറിന്റെ എൻട്രി പ്ലാറ്റ്‌ഫോമായും ഹയ്യ കാർഡ് സംവിധാനം പ്രവർത്തിക്കുമെന്ന് ഹയ്യ പ്ലാറ്റ്‌ഫോം സി.ഇ.ഒ സയീദ് അലി അൽ കുവാരി പറഞ്ഞു. കഴിഞ്ഞ ദിവസം അൽ റയ്യാൻ ടി.വിയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
ഖത്തറിലെ എല്ലാ പരിപാടികൾക്കും ഹയ്യ കാർഡ് ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 'ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഹയ്യ പ്ലാറ്റ്‌ഫോമിൽ അപേക്ഷിക്കുകയും ഉചിതമായ വിസ തെരഞ്ഞെടുക്കുകയും വേണം. എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023, വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് ദോഹ 2024, മറ്റ് ഇവന്റുകൾ എന്നിവയ്ക്കുള്ള എൻട്രികൾ ഇതിൽ ഉൾപ്പെടുന്നു.
ഹയ്യ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ വ്യവസ്ഥകൾക്കനുസരിച്ച് ഉപയോഗിക്കാം -അദ്ദേഹം പറഞ്ഞു.
ഈ വർഷം ആദ്യമാണ് ഖത്തർ ടൂറിസം ഹയ്യ പ്ലാറ്റ്‌ഫോം നവീകരിച്ചത്. ഇത് ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് വിസ ആവശ്യമുള്ള യാത്രക്കാർക്കുള്ള പോർട്ടലാക്കി. എല്ലാ വിനോദ സഞ്ചാരികൾക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള രാജ്യത്തിന്റെ ഏക പോർട്ടലായി ഹയ്യ പ്ലാറ്റ്ഫോം മാറുമെന്ന് പ്രഖ്യാപിച്ചു.
മൂന്ന് പുതിയ വിഭാഗത്തിലുള്ള സന്ദർശകർക്ക് ഖത്തറിന്റെ ഇ-വിസയ്ക്ക് അർഹതയുണ്ട്. 
ഹയ്യ ഇ-വിസ സന്ദർശകരെ ദേശീയത, റെസിഡൻസി അല്ലെങ്കിൽ ഒരു യാത്രികന് ഇതിനകം ഉള്ള മറ്റ് അന്താരാഷ്ട്ര വിസ എന്നിവയുടെ അടിസ്ഥാനത്തിൽ തരം തിരിക്കും. എ1, എ2, എ3 എന്നിങ്ങനെയാണ് വിഭാഗങ്ങൾ. മുമ്പത്തെ അറിയിപ്പുകൾ പ്രകാരം ഖത്തറിലേക്കുള്ള വിസ ഓൺ-അറൈവൽ അല്ലെങ്കിൽ വിസ രഹിത പ്രവേശനത്തിന് യോഗ്യത നേടാത്ത എല്ലാ രാജ്യക്കാരും എ1 വിഭാഗത്തിൽ ഉൾപ്പെടുന്നു.
എ2 വിഭാഗം എല്ലാ പ്രൊഫഷനുകളിലും ഉള്ള ജി.സി.സി നിവാസികൾക്കുള്ളതാണ്. ഷെൻഗൻ, യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിസയോ റെസിഡൻസിയോ ഉള്ള അന്താരാഷ്ട്ര സന്ദർശകർക്കുള്ളതാണ് എ3 വിഭാഗം. അവർ ഖത്തറിന്റെ ഇ-വിസയ്ക്ക് യോഗ്യരായിരിക്കും. 30 ദിവസത്തിൽ കൂടുതൽ താമസിക്കുന്നില്ലെങ്കിൽ എ3 വിഭാഗത്തിന് ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ല. ഹയ്യ കാർഡ് എന്ന ആശയം ഫാൻ വിസയിൽ നിന്ന് ടൂറിസ്റ്റ് വിസയിലേക്കും ആരാധകർക്കുള്ള പ്ലാറ്റ്‌ഫോമിൽ നിന്ന് ഖത്തറിലെ പരിപാടികൾക്കുള്ള പ്ലാറ്റ്‌ഫോമിലേക്കും വികസിപ്പിച്ച പ്രക്രിയ വിജയകരമാണെന്ന് അൽ കുവാരി പറഞ്ഞു. ഇപ്പോൾ ഖത്തറിൽ നടക്കുന്ന പല പരിപാടികൾക്കും ഹയ്യ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

Latest News