ദുരനുഭവം കാരണമാണ് ഇരുപത് വര്‍ഷം  മുമ്പ് അഭിനയരംഗം വിട്ടതെന്ന് വിചിത്ര 

ചെന്നൈ-തെന്നിന്ത്യന്‍ ഭാഷകളില്‍ നിറഞ്ഞുനിന്ന നടി വിചിത്ര തനിക്ക് നേരിട്ട കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തി രംഗത്ത്. പ്രശസ്തനായ തെലുങ്ക് സൂപ്പര്‍ നടനില്‍ നിന്ന് നേരിട്ട ദുരനുഭവം കൊണ്ടാണ് ഇരുപതുവര്‍ഷം മുമ്പ് അഭിനയരംഗം വിട്ടതെന്നും മടങ്ങി വരവിന് ഒരുങ്ങുകയാണെന്നും വിചിത്ര പറഞ്ഞു. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇടയിലാണ് നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
'മലമ്പുഴയിലാണ് ഷൂട്ട് നടന്നുകൊണ്ടിരുന്നത്. ആദ്യദിനം ഒരു പാര്‍ട്ടിക്കിടെ പ്രധാന നടന്‍ ഇതില്‍ അഭിനയിക്കുന്നുണ്ടോ എന്ന് ചോദിച്ചു മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്റെ പേരു പോലും ചോദിച്ചില്ല. അത് ശരിക്കും ഷോക്കിംഗ് ആയിരുന്നു. ഞാന്‍ പോയില്ല. അടുത്ത ദിവസം മുതല്‍ ലൊക്കേഷനില്‍ എനിക്ക് ഉപദ്രവമായിരുന്നു.നിരന്തരം മുറിയുടെ വാതിലില്‍ മുട്ടലുകള്‍. എന്റെ കഷ്ടപ്പാട് കണ്ട് ഭാവി ഭര്‍ത്താവായ ഹോട്ടല്‍ മാനേജര്‍ മറ്റൊരു മുറി തരപ്പെടുത്തിത്തന്നു. ചിത്രത്തിനുവേണ്ടി ഒരു സംഘട്ടനരംഗം ചിത്രീകരിക്കുമ്പോള്‍ ആദിവാസികളായ ഞങ്ങളെ ഒരുകൂട്ടം ഉപദ്രവിക്കുന്ന രംഗമുണ്ട്. അതില്‍ ഒരാള്‍ എന്നെ മോശമായി സ്പര്‍ശിച്ചു. ഇയാളെ പിടികൂടി സ്റ്റണ്ട് മാസ്റ്ററുടെ അടുത്ത് എത്തിച്ചപ്പോള്‍ സ്റ്റണ്ട് മാസ്റ്റര്‍ മുഴുവന്‍ സെറ്റിനുമുന്നില്‍വച്ച് എന്നെ തല്ലി. യൂണിയനില്‍ പരാതി നല്‍കിയപ്പോള്‍ ഒരു സഹകരണവും ലഭിച്ചില്ല'. ഇത്തരം മോശം അനുഭവങ്ങളാണ് സിനിമാരംഗം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് വിചിത്ര പറഞ്ഞത്.

Latest News