തൃക്കരിപ്പൂർ കെ.എം.സി.സി ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

മുഹമ്മദ് റഫീഖ് എം.ടി.പി, ഫൈസൽ മാലിക് 

കുവൈത്ത് സിറ്റി- തൃക്കരിപ്പൂർ മണ്ഡലം കുവൈത്ത് കെ.എം.സി.സിയുടെ മതകാര്യ സമിതി റബീഅ് കാമ്പയിനോടനുബന്ധിച്ച് 'രാഷ്ട്രീയം പ്രവാചക മാതൃക' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കുവൈത്ത് സൽവ മശ്ഹൂർ വില്ലയിൽ നടന്ന ഫലപ്രഖ്യാന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മശ്ഹൂർ തങ്ങളാണ് പ്രഖ്യാപനം 
നടത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പങ്കെടുത്ത 149 പേരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയും ഒമാനിൽ പ്രവാസിയുമായ മുഹമ്മദ് റഫീഖ് എം.ടി.പി ഒന്നാം സമ്മാനത്തിനും മലപ്പുറം എ.ആർ നഗർ സ്വദേശിയും സൗദിയിലെ തായിഫിൽ പ്രവാസിയുമായ ഫൈസൽ മാലിക് രണ്ടാം സമ്മാനത്തിനും അർഹരായി. ഒന്നാം സ്ഥാനത്തിന് നൂറ് ഡോളറും രണ്ടാം സ്ഥാനത്തിന് അൻപത് ഡോളറുമാണ് സമ്മാനത്തുക.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷനും, ചന്ദ്രിക കണ്ണൂർ ബ്യൂറോ മുൻ സബ് എഡിറ്ററുമായ ഫാറൂഖ് ഹമദാനിയായിരുന്നു മുഖ്യ ജൂറി. കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. മതകാര്യ സമിതി ചെയർമാൻ അബ്ദുൽ ഹക്കീം അൽ ഹസനി മുഖ്യപ്രാഭാഷണം നടത്തി. മണ്ഡലം ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി ഹസ്സൻ ഹാജി തഖ് വ, ജില്ലാ കൗൺസിൽ അംഗം റഫീഖ് ഒളവറ തുടങ്ങിയവർ സംസാരിച്ചു.
 

Tags

Latest News