ടെല്‍ അവീവ്- ഗാസ സംഘര്‍ഷത്തിനിടെ ബന്ദിമോചനം സംബന്ധിച്ച് ശുഭപ്രതീക്ഷയാണുള്ളതെങ്കിലും ഇസ്രായിലിലെ തീവ്രവലതുപക്ഷ പാര്‍ട്ടികള്‍ ഇത് തള്ളി. നിര്‍ദിഷ്ട കരാര്‍ മോശമാണെന്നും സമ്മതിക്കരുതെന്നും സിയോണിസ്റ്റ് പാര്‍ട്ടി നേതാവ് ആവശ്യപ്പെട്ടു. ഇത് ഇസ്രായിലിന്റെ സുരക്ഷക്ക് ഹാനികരമാണ്. ബന്ദികളെ സംബന്ധിച്ചും നല്ലതല്ല-തീവ്രവലതുപക്ഷ മന്ത്രി സ്മോട്രിച്ച് പറഞ്ഞു. ഒരുവശത്ത് ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയും മറുവശത്ത് ഏത് ഇളവിനും എതിരെ തീവ്രപക്ഷക്കാര്‍ രംഗത്തുവരികയും ചെയ്തതോടെ പ്രധാനമന്ത്രി നെതന്യാഹു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്.
ഗാസ സംഘര്‍ഷം തുടങ്ങിയ ശേഷം 108 യു.എന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യു.എന്‍.ആര്.ഡബ്യു.എ മേധാവി ഫിലിപ്പെ ലസ്സാരിനി പറഞ്ഞു. ഇതില്‍ 17 പേര് നേരിട്ടുള്ള ആക്രമണത്തിലാണ് മരിച്ചത്. ഇസ്രായില്‍ സുരക്ഷ വാഗ്ദാനം ചെയ്ത മധ്യ, തെക്കന്‍ ഗാസയിലാണ് കൂടുതല്‍ പേരും മരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു.എന്‍ പതാകയുടെ കീഴില്‍പോലും ജനങ്ങളെ സംരക്ഷിക്കാനാവുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു.