ദോഹ- അൽ ബിദ പാർക്കിൽ ദാദു ഗാർഡൻസ് വീണ്ടും തുറന്നു. എക്സ്പോ-2023 ദോഹയുടെ ഇന്റർനാഷണൽ സോണിന്റെ ഹൃദയ ഭാഗത്താണ് ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ദാദു ഗാർഡൻസ് വീണ്ടും തുറന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ കുടുംബങ്ങളോടും പരിചാരകരോടും ഒപ്പം വിദ്യാഭ്യാസത്തിന്റെയും വിനോദത്തിന്റെയും വിളക്കുമാടം എന്ന പദവി ഉറപ്പിച്ചാണ് ഗാർഡൻ സ്ഥിരാടിസ്ഥാനത്തിൽ തുറന്നത്.
ഗാർഡൻസ് അഡ്വഞ്ചേഴ്സ് എന്ന തീമിന് കീഴിൽ ദാദു ഗാർഡൻസ് ഒരു വർഷത്തേക്ക് പ്രവർത്തനക്ഷമമാണ്. കളിയിലൂടെയും പ്രകൃതിയുമായുള്ള ആശയ വിനിമയത്തിലൂടെയും കുട്ടികളുമായി ഇടപഴകുന്നതിനും വിദ്യാഭ്യാസം നൽകുന്നതിനും, അവരുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപന ചെയ്ത നിരവധി പ്രവർത്തനങ്ങളും പരിപാടികളുമായി എക്‌സ്‌പോ 2023 ദോഹയുടെ കാലാവധിക്കപ്പുറവും ദാദു ഗാർഡൻസ് അൽ ബിദ പാർക്കിൽ തുടരും. 2024 മാർച്ച് 28 നാണ് എക്സ്പോ 2023 ദോഹ സമാപിക്കുക.
ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൊതു ധനസഹായമുള്ള ദേശീയ സ്ഥാപനമെന്ന നിലയിൽ, രാജ്യത്തെ സാംസ്‌കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസ വ്യവസ്ഥയെ സമ്പന്നമാക്കുന്നതിനുള്ള കൂട്ടായ സംഭാവനകളിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കാനാണ് ഖത്തറിലെ ചിൽഡ്രൻസ് മ്യൂസിയം ലക്ഷ്യമിടുന്നത്. 14,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ദാദു ഗാർഡൻസ് മ്യൂസിയത്തിന്റെ ഒരു ഔട്ട്ഡോർ ഗാലറിയും ലിവിംഗ് ക്ലാസ് റൂമായും പ്രവർത്തിക്കുന്നു.
എക്‌സ്‌പോ 2023 ദോഹയുടെ ഭാഗമായി അൽ ബിദ പാർക്കിൽ സ്ഥിരം സംവിധാനമായി പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ് വീണ്ടും തുറക്കുന്നതിലും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതിലും സന്തോഷമുണ്ടെന്ന് ഖത്തറിലെ കുട്ടികളുടെ മ്യൂസിയം ദാദുവിന്റെ ഡയറക്ടർ എസ്സ അൽ മന്നായി പറഞ്ഞു.അനുഭവങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പര്യവേക്ഷണം ചെയ്യുക, പഠിക്കുക, അഭിവൃദ്ധി പ്രാപിക്കുക. സുസ്ഥിരത, ഹരിത സമ്പദ് വ്യവസ്ഥ, ആരോഗ്യകരമായ ശീലങ്ങൾ, പരിസ്ഥിതി എന്നിവ ഉയർത്തിക്കാട്ടുന്ന എക്‌സ്‌പോ 2023 ദോഹയുടെ അതേ മൂല്യങ്ങൾ തന്നെയാണ് ദാദു ഗാർഡൻസ് അഡ്വഞ്ചേഴ്‌സ് അതിന്റെ കാതലായി അവതരിപ്പിക്കുന്നത്. ഞങ്ങളുടെ പ്രോഗ്രാമുകൾ കാണാനും മനസിലാക്കാനും ഞങ്ങൾ പൊതുജനങ്ങളെ ക്ഷണിക്കുന്നു. അവിടെ കുട്ടികൾക്ക് അർഥവത്തായ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. അത് അവരുടെ സ്വന്തം പഠനയാത്ര സജ്ജീകരിക്കാനും നേടാനും സഹായകമാകും.
ഖത്തർ മ്യൂസിയങ്ങളുടെ വികസനത്തിന് കീഴിൽ ഖത്തറിലെ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള അഭൂതപൂർവമായ സഹകരണത്തിലൂടെയാണ് ദാദു ചിൽഡ്രൻസ് മ്യൂസിയം ഓഫ് ഖത്തറിന്റെ സാക്ഷാൽക്കാരം. എഡിബിൾ ഗാർഡൻ, ഗാർഡൻ അറ്റ്‌ലിയർ, കമ്യൂണിറ്റി ഗാർഡൻ, പെർമാ കൾച്ചർ ഷോകേസ്, ദി പ്രോമിസ് പ്ലാസ, അൽ മർജ് എന്നിവ ഉൾപ്പെടെ ഒൻപത് വ്യത്യസ്ത സൗകര്യങ്ങൾ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗാർഡൻ അഡ്വഞ്ചേഴ്‌സിനായി ആറ് സീറ്റുകളുള്ള രണ്ട് ഗോൾഫ് കാർട്ടുകളുമുണ്ട്.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി എട്ട് മണി വരെ ദാദു ഗാർഡൻസ് പൊതുജനങ്ങൾക്കായി തുറക്കും. പ്രവേശനത്തിനായി 12 വയസ്സിൽ താഴെയുള്ള കുട്ടികളോടൊപ്പം 18 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർ ഉണ്ടായിരിക്കണം.






