ഡിസംബര്‍ ഒന്നിന് രാഹുല്‍ ഗാന്ധി എം പി എറണാകുളത്ത്

കൊച്ചി- ഡിസംബര്‍ ഒന്നിന് എ ഐ സി സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എം പി പങ്കെടുക്കുന്ന മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഉത്സാഹ് മഹാസംഗമം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനരോഷത്തിന്റെ തുറന്നുകാട്ടലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മഹാ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്താകമാനം മികച്ച മുന്നേറ്റമാണ് മഹിളാ കോണ്‍ഗ്രസ് നടത്തുന്നത്. അതിനു പിന്നിലുള്ള സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പിയുടെയും സഹപ്രവര്‍ത്തകരുടെയും പങ്ക് അഭിനന്ദനാര്‍ഹമാണ്. മുഴുവന്‍ വാര്‍ഡുകളിലും കമ്മിറ്റി രൂപീകരണവും ബ്ലോക്ക് കണ്‍വെന്‍ഷനുകളും പൂര്‍ത്തീകരിച്ച ശേഷമാണ് മഹാസംഗമം നടക്കുന്നത്. വാര്‍ഡ്തലം മുതലുള്ള പ്രതിനിധികള്‍ മറൈന്‍ഡ്രൈവില്‍ നടക്കുന്ന മഹാസംഗമത്തില്‍ പങ്കെടുക്കും. 

സ്ത്രീകളും കുട്ടികളും അതിക്രമങ്ങള്‍ക്ക് നിരന്തരം വിധേയരാകേണ്ടിവരുന്ന കാലത്ത് ഭരണകൂടങ്ങള്‍ നിസ്സഹായരായി നോക്കി നില്‍ക്കുമ്പോള്‍ അതിനെതിരായ പോരാട്ടത്തിന്റെ ശക്തി കാട്ടലാകും മഹാസംഗമം. ജനദ്രോഹ സര്‍ക്കാരുകള്‍ക്കെതിരായ ഉറച്ച താക്കീതായും ഈ സംഗമം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എം പിമാരായ ഹൈബി ഈഡന്‍, ജെബി മേത്തര്‍, എം എല്‍ എമാരായ കെ ബാബു, റോജി എം ജോണ്‍, ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, നേതാക്കളായ എന്‍ വേണുഗോപാല്‍, കെ പി ധനപാലന്‍, ഡോമിനിക് പ്രസന്റേഷന്‍, ഐ കെ രാജു, എം ആര്‍ അഭിലാഷ്, മുഹമ്മദ് കുട്ടി മാസ്റ്റര്‍, വി കെ മിനിമോള്‍, സുനില സിബി, പി ഐ മുഹമ്മദാലി, എം ജെ ജോമി, ജോസഫ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.

Latest News