കാണ്‍പൂര്‍- ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിലെ വീട്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ കാണുന്നതിനിടെ ടിവി ഓഫ് ചെയ്തതിനെ ചൊല്ലി മകനെ കൊലപ്പെടുത്തിയ കേസില്‍ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം ഉണ്ടാക്കിയ ശേഷം ഒരുമിച്ച് കളി കാണാമെന്ന് പറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് മകന്‍ ദീപ് നിഷാദിനെ പിതാവ് ഗണേഷ് പ്രസാദ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
താന്‍ പറഞ്ഞ കാര്യം അവഗണിക്കപ്പെട്ടതിനെ തുടര്‍ന്ന് ദേഷ്യം വന്ന ദീപക്
ടിവി ഓഫ് ചെയ്തതാണ് വഴക്കില്‍ കലാശിച്ചത്. വഴക്കിനിടെ ഗണേഷ് ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ച് മകനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും കാണ്‍പൂര്‍ പോലീസ് പിടികൂടി.
ദീപക്കിന്റെ മദ്യപാന ശീലത്തെക്കുറിച്ച് ദീപക്കും ഗണേഷും പലപ്പോഴും വഴക്കിട്ടിരുന്നതായി ചക്കേരി പോലീസ് സ്‌റ്റേഷന്റെ മേല്‍നോട്ടം വഹിക്കുന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) ബ്രിജ് നാരായണ്‍ സിംഗ് പറഞ്ഞു. ക്രിക്കറ്റ് മത്സരം കാണുന്നതിനെ ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും കൊല്ലപ്പെട്ട മകന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പോലീസ് പറഞ്ഞു.