സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ കോട്ടയം സ്വദേശി മരിച്ചു, ആന്തരികാവയവങ്ങള്‍ ദാനം ചെയ്തു

റിയാദ്- സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസ് (61) ആണ് മരിച്ചത്.  അല്‍ഖര്‍ജിലുള്ള മകളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു.
അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സാണ് മകള്‍ പിങ്കി.  നാല് മാസം മുമ്പാണ് സന്ദര്‍ശന വിസയില്‍ വര്‍ക്കി ജോസ് എത്തിയത്. 20 ദിവസം മുമ്പ് മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങള്‍ ദാനം ചെയ്തു. വൃക്ക, കരള്‍, നേത്രപടലം എന്നിവയാണ് മറ്റ് രോഗികള്‍ക്കായി മാറ്റിവെച്ചത്.

നഴ്‌സായ മകള്‍ പിങ്കിയുടെ മാതൃകാപരമായ ഇടപെടലാണ് മൂന്ന് രോഗികള്‍ക്ക് പുതുജീവന്‍ നല്‍കാനിടയാക്കിയത്. പിങ്കി സഹോദരന്‍ ജിന്‍സുമായും മറ്റു കുടുംബാംഗങ്ങളുമായും ആലോചിച്ച് ഇതേ ആശുപത്രിയില്‍ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട്‌നല്‍കുകയായിരുന്നു.
മേരിയാണ് വര്‍ക്കി ജോസിന്റെ ഭാര്യ. അല്‍ഖര്‍ജിലുള്ള പിങ്കിക്ക് പുറമെ, ജിന്‍സ് (നിയോം, തബൂക്ക്?) മകനാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

Latest News