Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തീരദേശ ഹൈവേ: പദ്ധതി രേഖ തയാറായില്ല; തീരത്ത് ആശങ്ക

ആലപ്പുഴ- 6,500 കോടിയിലേറെ മുതൽമുടക്കുള്ള തീരദേശ ഹൈവേ പദ്ധതിയുടെ കല്ലിടീൽ സജീവമായിട്ടും വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയാറായിട്ടില്ല. കുടിയിറക്കലിലും ജീവനോപാധികൾ നഷ്ടപ്പെടുമെന്ന ഭീതിയിലും കഴിയുന്ന തീരദേശ ജനതയ്ക്ക് പദ്ധതി സംബന്ധിച്ച ആശങ്ക വർധിക്കുന്നു. 
ഒമ്പത് തീരദേശ ജില്ലകളിലൂടെ കടന്നുപോകുന്ന ഹൈവേ പദ്ധതി തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ നീളുന്നതാണ്. അതിർത്തികൾ അടയാളപ്പെടുത്തി പിങ്ക് നിറത്തിലുള്ള കല്ലുകൾ ഇടുന്നത് സംസ്ഥാനത്തുടനീളം നടക്കുന്നുണ്ടെങ്കിലും പദ്ധതിയുടെ വിശദമായ വിവരണവും അലൈമെന്റും ഇപ്പോഴും അവ്യക്തമാണ്. ഏറ്റെടുക്കുന്ന ഭൂമിയുടെ വിശദവിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ദേശീയപാത 66ന് സമാന്തരമായാണ് തീരദേശ ഹൈവ നിർമിക്കുന്നത്. ആകെ വരുന്ന 623 കിലോമീറ്റർ പാതയിലെ 468 കിലോമീറ്റർ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലുള്ള കേരള റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി.) നിർമിക്കുന്നത്. ബാക്കി 155 കിലോമീറ്റർ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയാണ് നടപ്പാക്കുന്നത്. 2017 ലാണ് പദ്ധതിയുടെ ആദ്യരൂപരേഖ തയ്യാറാക്കുന്നത്. അന്ന് 6,500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. ഇപ്പോൾ 25 ശതമാനമെങ്കിലും അധികം വേണ്ടിവരും. കേരള ഇൻഫ്രാസ്ട്രക്ടർ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഫണ്ട് വിനിയോഗിച്ചാണ് നിർമാണ പ്രവർത്തനം നടത്തുമെന്നാണ് സർക്കാർ വിശദീകരണം. 14 മീറ്റർ വീതിയിൽ രണ്ടുവരി പാതയായിട്ടാണ് 2017ൽ നാഷണൽ ട്രാൻസ്‌പോട്ടേഷൻ പ്ലാനിങ് ആന്റ് റിസേർച്ച് സെന്റർ (നാറ്റ്പാക്) സർക്കാരിന് പദ്ധതി രേഖ സമർപ്പിച്ചത്. സർക്കാർ പദ്ധതി അംഗീകരിക്കുകയും സ്ഥലം എടുക്കുന്നതുമായി ബന്ധപ്പെട്ട സർവേ സംസ്ഥാനത്തുടനീളം നടത്തി കല്ലിടുകയും ചെയ്തു. എന്നാൽ പദ്ധതി ബാധിക്കുന്ന തീരദേശ ജനതയുടെ ആശങ്ക പരിഹരിക്കുന്നതിനോ, പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ ജനങ്ങൾക്ക് നൽകുന്നതിനോ തയാറായിട്ടില്ല. ഏതാനും ജില്ലകളിലെ ചില റീച്ചുകളെ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാലിതും അപൂർണമാണ്. 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളെയാണ് തീരദേശ ഹൈവ ബന്ധിപ്പിക്കുന്നത്. ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കുകയും പ്രധാന തുറമുഖങ്ങളെയും മത്സ്യബന്ധന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് തീരദേശ മേഖലയുടെ വികസനവും ടൂറിസം സാധ്യതകൾ വർധിപ്പിക്കുകയും ചരക്ക് ഗതാഗതം സുഗമമാക്കുകയുമാണ് തീരദേശ ഹൈവേയുടെ ലക്ഷ്യം. വാഹന ഗതാഗതത്തിനു ഏഴു മീറ്ററിൽ രണ്ടു വരിപ്പാതയും ഒന്നര മീറ്ററിൽ സൈക്കിൾ ട്രാക്കും ഇരു വശങ്ങളിലുമായി നടപ്പാതയും ഉൾപ്പെടുത്തി 14 മുതൽ 15.6  മീറ്റർ വീതിയിൽ  അന്താരാഷ്ട്ര നിലവാരത്തിലാണ് ഹൈവേ നിർമാണം. ആധുനിക സാങ്കേതിക വിദ്യ ഇതിന് ഉപയോഗപ്പെടുത്തും. ബിറ്റുമിനോടൊപ്പം പ്ലാസ്റ്റിക്, റബർ, കയർ ഭൂവസ്ത്രം, കോൺക്രീറ്റ് തുടങ്ങിയവ ഉപയോഗിക്കും. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഫ്‌ളൈഓവർ നിർമിക്കുമെന്നും പറയുന്നു. കടൽക്ഷോഭം പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങളുമുണ്ടാകുമത്രെ. ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. ചിലയിടങ്ങളിൽ നടപടിയായിക്കഴിഞ്ഞു. 20 തീരദേശ ഗ്രാമപഞ്ചായത്തുകൾ, 11 മുനിസിപ്പാലിറ്റികൾ, നാല് കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ നിന്നായി 542 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിനിടെ  കൊല്ലം ഉൾപ്പെടെ ഏതാനും ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനം ഇറങ്ങിയതിനാൽ ഭൂമി ഒരു തരത്തിലും ഉപയോഗപ്പെടുത്താൻ കഴിയാതെ വലയുകയാണ് തീരവാസികൾ. സ്ഥലം പണയപ്പെടുത്തി വായ്പ എടുക്കാനോ വിൽപന നടത്താനോ കഴിയാതെ ഇവർ വലയുന്നു. എന്നാൽ ഭൂമി ഏറ്റെടുത്ത് പണം നൽകുന്നതിനും കാലതാമസം വരികയാണ്.
തീരദേശ ഹൈവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ് ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. തീരദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പുനരധിവാസ പാക്കേജുകൾ തയ്യാറാക്കുന്നത്. ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ ഇല്ലാത്തവർ എന്ന തരത്തിൽ രണ്ട് കാറ്റഗറികളായി തിരിച്ചാണ് പാക്കേജ് നടപ്പിലാക്കുക. 
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർക്ക്, ഏറ്റെടുക്കുമ്പോൾ മൂല്യനിർണയം നടത്തി കാലപ്പഴക്കം കണക്കിലെടുത്തുള്ള മൂല്യം കുറയ്ക്കും. അതിന്റെയൊപ്പം സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും നൽകും. ഇതിന് പുറമെ, പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കാലപ്പഴക്കം കണക്കിലെടുത്ത് കുറച്ച മൂല്യം കൂടി അനുവദിക്കും. ഈ മൂന്ന് തുകയും ചേർന്നതായിരിക്കും ആകെ നഷ്ടപരിഹാരം. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ടമനുസരിച്ച് നിശ്ചയിക്കുന്ന സ്ഥലവില നൽകും. പദ്ധതിയുടെ ഭാഗമായി പുനരധിവാസം ആവശ്യമായ കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ ലഭിക്കും. ഉടമസ്ഥാവകാശ രേഖ ഇല്ലാത്തവർക്കും ഡിപ്രീസിയേഷൻ മൂല്യം കുറയ്ക്കാതെയുള്ള കെട്ടിട വില നഷ്ടപരിഹാരമായി ലഭിക്കും. ഇതിനുപുറമെ, തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക പാക്കേജ് പദ്ധതിയുടെ ഭാഗമായി വരുമെന്നാണ് സൂചന.
 

Latest News