Sorry, you need to enable JavaScript to visit this website.

സൗദി ഓജര്‍ കമ്പനി ശമ്പള കുടിശ്ശികയും ആനുകൂല്യവും നല്‍കി തുടങ്ങി; മലയാളികളടക്കം തൊഴിലാളികള്‍ക്ക് സന്തോഷ വാര്‍ത്ത

റിയാദ്-  സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അടച്ചു പൂട്ടിയ  സൗദി ഓജര്‍ കമ്പനിയിലെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും   വിതരണം ചെയ്തുതുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളികളടക്കം പിരിച്ചുവിടപ്പെട്ട തൊഴിലാളികള്‍ക്കുള്ള ആശ്വാസ നടപടി. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ തുക കിട്ടിയ സന്തോഷത്തിലാണ് മലയാളികള്‍.
അഞ്ച് ലക്ഷം റിയാല്‍ വരെ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ തുക നല്‍കിവരുന്നത്.
38 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ഓജര്‍ 2016ലാണ് അടച്ചുപൂട്ടിയത്. 10 മാസത്തെ കുടിശ്ശികയും പതിറ്റാണ്ടുകളുടെ സേവനാന്ത ആനുകൂല്യവും കിട്ടാതായതോടെ പെരുവഴിയിലായ തൊഴിലാളികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പതിനായിരത്തിലേറെ വരുന്ന ഇന്ത്യക്കാരില്‍ 3500 പേര്‍ മലയാളികളായിരുന്നു.
നിയമപോരാട്ടത്തിനൊടുവില്‍ കോടതി വിധിയെ തുടര്‍ന്ന് കമ്പനിയുടെ ആസ്തികളും മറ്റും വിറ്റ് സ്വരൂപിച്ച തുക വിതരണത്തിനായി മാനവശേഷി വികസന വകുപ്പ് അല്‍ഇന്‍മ ബാങ്കിനു കൈമാറുകയായിരുന്നു.
നിലവില്‍ സൗദിയില്‍ ഉള്ളവര്‍ ഇഖാമയുമായി ബാങ്കില്‍ നേരിട്ടെത്തി ഐബാന്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. 10 മാസത്തെ ശമ്പള കുടിശ്ശികയും സേവനാന്ത ആനുകൂല്യവും ചേര്‍ത്ത് പലര്‍ക്കും വന്‍തുക ലഭിച്ചു കഴിഞ്ഞു. ജോലി നഷ്ടപ്പെട്ടതോടെ നാട്ടിലേക്കു മടങ്ങിയവര്‍ക്കും ഇതിനകം മരിച്ചവരുടെ ആശ്രിതര്‍ക്കും തുക എങ്ങനെ ലഭിക്കുമെന്ന കാര്യത്തില്‍ ആശങ്കയുമുണ്ട്.
പ്രശ്‌ന പരിഹാരത്തിന് നേരത്തെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൗദിയില്‍ എത്തി അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. നാട്ടിലേക്കു മടങ്ങുന്നവരുടെ ആനുകൂല്യം ഇന്ത്യന്‍ എംബസി മുഖേന അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുമെന്നാണ് അന്നത്തെ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

 

Latest News