ലിയോ സിനിമയില്‍ നടി തൃഷയെ ബെഡ്‌റൂമില്‍ കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചെന്ന പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് വനിതാ കമ്മീഷന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തൃഷക്ക് എതിരെ മന്‍സൂര്‍ അലിഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ലിയോ എന്ന ചിത്രത്തില്‍ തൃഷയുമായി ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതു പോലെ തൃഷയെയും ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു.
രൂക്ഷ വിമര്‍ശമുയര്‍ത്തിയാണ് തൃഷ പ്രതികരിച്ചത്. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മന്‍സൂര്‍ എന്നായിരുന്നു തൃഷ പറഞ്ഞത്. പിന്നാലെ സംവിധായകര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ പ്രതികരിച്ചു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലിഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തിനെതിരെ തമിഴ് താര സംഘടനയായ നടികര്‍ സംഘവും പ്രതികരിച്ചിരുന്നു.