VIDEO പട്ടാപ്പകല്‍ പെണ്‍കുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി; പരിചയക്കാരനെന്ന് സംശയം

ഗ്വാളിയോര്‍- സഹോദരനൊപ്പം ബസിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. മധ്യപ്രദേശിലെ ബാരാ സ്വദേശിനിയായ 19കാരിയെയാണ് പട്ടാപകല്‍ സഹോദരന്റെ കണ്‍മുന്നില്‍ തട്ടിക്കൊണ്ടുപോയത്. വിദ്യാര്‍ഥിനിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.

രാവിലെ ഒമ്പതരയോടെ ഗ്വാളിയോറിലെ ഝാന്‍സി റോഡിലെ പെട്രോള്‍ പമ്പില്‍ സഹോദരനൊപ്പം ബസ്സിറങ്ങിയതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്. മുഖംമറച്ചെത്തിയവര്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ച് കൊണ്ടുപോകുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളില്‍ സംഭവം പതിഞ്ഞിട്ടുണ്ട്.

കോളേജ് വിദ്യാര്‍ഥിനിയായ 19കാരി ബന്ധുവിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനായാണ് സഹോദരനൊപ്പം ഗ്വാളിയോറില്‍ എത്തിയത്.  നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികളുടെ ബൈക്കോ ഇവര്‍ എങ്ങോട്ടാണ് പോയതെന്നോ പോലീസിന് കണ്ടെത്താനായിട്ടില്ല.

അതേസമയം, സംഭവത്തിന് പിന്നില്‍ പെണ്‍കുട്ടിയെ പരിചയമുള്ള ഒരു യുവാവാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ താമസിക്കുന്ന ഇയാളെ കേന്ദ്രീകരിച്ചാണ്  അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പെട്രോള്‍ പമ്പില്‍ ബസ് എത്തുന്നതിന് മുന്‍പ് യുവാവ് സ്ഥലത്തുണ്ടായിരുന്നതായും  തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാവിന്റെ ഫോട്ടോ കാണിച്ച് പോലീസ് നടത്തിയ വിവരശേഖരണത്തിലാണ് ഇയാളെ സ്ഥലത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയത്.

 

Latest News