പോയവാരം ആഭ്യന്തര ഓഹരി വിപണിയിൽ ട്രേഡിംഗ് നടന്നത് 19,350 മുതൽ 19,450 വരെയുള്ള നേരിയ വ്യത്യാസത്തിലാണ്. ചെറിയ ഇടവേളയ്ക്കു ശേഷം 19,500 മറികടക്കാൻ ബുദ്ധിമുട്ടുകയും ചെയ്തു. ദീപാവലി അവധിക്കാലത്തിനു ശേഷം വിപണി ഈ വാരം പുനരാരംഭിച്ചത് 19,600 നപ്പുറത്തേക്ക് കുതിച്ചുകൊണ്ടാണ്. 19,731.8 ന് വിപണി ക്‌ളോസ് ചെയ്യുമ്പോൾ 19,875 ന്റെ പരമാവധിയിൽ എത്തിയിരുന്നു. ഒക്ടോബറിലെ ഏറ്റവും കൂടിയ പോയിന്റായിരുന്നു ഇത്.
വിപണിയിൽ പെട്ടെന്നുണ്ടായ മാറ്റത്തിനു വഴി തെളിച്ചത് ആഗോള നാണയപ്പെരുപ്പ കണക്കുകളിൽ അപ്രതീക്ഷിതമായി അനുഭവപ്പെട്ട കുറവാണ്. യുഎസിൽ ഒക്ടോബർ മാസത്തിലെ ഉപഭോക്തൃ വില സൂചിക സെപ്റ്റംബറിലെ 3.7 ശതമാനത്തിൽ നിന്ന് 3.2 ശതമാനമായി താഴ്ന്നു. കൂടിയ തോതിലുള്ള നാണയപ്പെരുപ്പ കണക്കുകളും ബോണ്ട് യീൽഡിൽ അതുണ്ടാക്കുന്ന അനന്തര ഫലങ്ങളും കർശന പണനയവും ചേർന്ന് ആഗോള ഓഹരി വിപണിക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രതീക്ഷയ്ക്കപ്പുറം കണക്കുകളിൽ വന്ന മാറ്റം വിപണിയിൽ പെട്ടെന്നു തന്നെ പ്രതിഫലനം സൃഷ്ടിച്ചു. ഇതേത്തുടർന്ന് ബോണ്ട് യീൽഡ് മുൻവാരത്തെയപേക്ഷിച്ച് 4.5 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഈ ശുഭപ്രതീക്ഷ യുഎസ് ഓഹരി സൂചികയായ എസ് ആന്റ്പിയിൽ വ്യാഴാഴ്ച ക്‌ളോസ് ചെയ്യുമ്പോൾ 2.1 ശതമാനമായി പ്രതിഫലിക്കുകയും ചെയ്തു.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ കടുത്ത പലിശ നയത്തിൽ മാറ്റം വരാനും 2024 ൽ പലിശ നിരക്കു കുറയാനും ഇടയുണ്ടെന്ന കാഴ്ചപ്പാട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാമാരിയെത്തുടർന്നുള്ള നിയന്ത്രണങ്ങൾ ഇല്ലാതായതോടെ ഉൽപാദനം സാധാരണ നില കൈവരിക്കുകയും സമ്പദ് വ്യവസ്ഥ സ്വതന്ത്രമാവുകയും ചെയ്തു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സമ്പദ്‌വ്യവസ്ഥയിൽ പണം പെരുകുന്നത് തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര ബാങ്കുകൾ. രാഷ്ട്രീയ പ്രശ്‌നങ്ങളുടെ കാഠിന്യം കുറഞ്ഞു തുടങ്ങുകയും എണ്ണ വില താഴോട്ടു വരികയും ചെയ്യുന്നുണ്ട്.
സർക്കാരുകൾ ധനകമ്മി നിലനിർത്തിക്കൊണ്ടു തന്നെ സാമ്പത്തിക പദ്ധതികളുമായി മുന്നോട്ടു പോകുന്നത് ഉൽക്കണ്ഠയുണർത്തുന്നു. ഇന്ത്യയിലും യുഎസിലും അടുത്ത വർഷം തെരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ടു കൂടിയാണ് പദ്ധതികൾ തുടരുന്നത്. തൊഴിലില്ലായ്മ കുറയുകയും പണം യഥേഷ്ടം വരികയും ചെയ്യുന്നതിനാൽ വീട്ടുപഭോഗം കൂടിയിരിക്കയാണ്. അതിനാൽ കുറച്ചു കാലത്തേക്കു കൂടി വിലക്കയറ്റം പരിധിക്കു മുകളിൽ തുടരാനും കുതിപ്പു പരിമിതപ്പെടുത്താനും ഇടയുണ്ട്.
ദീർഘകാല ശരാശരിക്കുപരിയായി കുറേക്കാലത്തേക്കു കൂടി വിലക്കയറ്റം തുടരുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഇത് ബോണ്ട് യീൽഡിനെ ബാധിക്കുമെന്നതിനാൽ വിപണിക്കും സമ്പദ്‌വ്യവസ്ഥയ്ക്കും അത്ര ഗുണകരമല്ല. വിലക്കയറ്റം നിയന്ത്രിച്ചു നിർത്തുന്നതിന് കേന്ദ്ര ബാങ്കുകൾ സാമ്പത്തിക വളർച്ചയുടെ വേഗം കുറയ്ക്കുകയാണ് ചെയ്യുന്നത്. കാര്യമായ വേഗക്കുറവു സംഭവിക്കുന്നതുവരെ പലിശ നിരക്കുകൾ വർധിപ്പിച്ചു തന്നെ നിലനിർത്താനാണ് ബാങ്കുകൾ ശ്രമിക്കുക. എന്നാൽ ഈ നയം കൊണ്ടു മാത്രം സാമ്പത്തിക വളർച്ച നിയന്ത്രിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. 2023 ജനുവരിയിൽ യുഎസ് മാന്ദ്യ സാധ്യത 65 ശതമാനത്തിൽ നിന്ന് 55 ശതമാനമായി താഴ്ന്നത് സാമ്പത്തിക മേഖലയുടെ കരുത്താണ് വിളിച്ചോതിയത്.
അതിനാൽ, മനഃപൂർവമായ ഒരു സാമ്പത്തിക ഗതിമാന്ദ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇത് ഇടക്കാലയളവിൽ ഓഹരി വിപണിക്കു ഗുണകരമായിരിക്കില്ല. തുടക്കത്തിൽ, ബിസിനസ്, വരുമാന രംഗത്താണ് വേഗക്കുറവ് അനുഭവപ്പെടുക. പണപ്പെരുപ്പം ദീർഘകാല ശരാശരിക്കു താഴെ കൊണ്ടുവരുന്നതിന് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കു കൂടിയ നിലയിൽ തന്നെ നിലനിർത്തും. നടപ്പുവർഷം 2024 ൽ യുഎസ് ജിഡിപി വളർച്ച 1.9 ശതമാനത്തിൽ നിന്ന് 1 ശതമാനമായും 2022, 2023 വർഷങ്ങളിൽ 2.3 ശതമാനമായും താഴുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ ആഭ്യന്തര സാമ്പത്തിക സ്ഥിതി കാരണം ഇന്ത്യ പിടിച്ചു നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും പണമൊഴുക്കിലുണ്ടാകാവുന്ന കുറവു കാരണം വാല്യുവേഷൻ കുറയാനിടയുണ്ട്.
സമ്പദ്‌വ്യവസ്ഥയിൽ കൂടിയ തോതിൽ പണം ഉണ്ടാകുന്നതിൽ അപകടമുണ്ടെന്ന് റിസർവ് ബാങ്ക് തിരിച്ചറിയുന്നുണ്ട്. സുരക്ഷിതത്വം കുറഞ്ഞ വായ്പകളുടെ റിസ്‌ക് വെയ്‌റ്റേജ് 100 ശതമാനത്തിൽ നിന്ന് 125 ശതമാനവും ക്രെഡിറ്റ് കാർഡുകളുടേത് 125 ശതമാനത്തിൽ നിന്ന് 150 ശതമാനവും ആയി ഉയർത്താൻ ആലോചിക്കുന്നുണ്ട്. ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ എന്നിവയിൽ ഭാവിയിൽ കിട്ടാക്കടങ്ങൾ വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇതു ചെയ്യുന്നത്. ബാങ്കുകളുടെ ഓഹരികൾക്ക് സംരക്ഷണ കവചം തീർക്കാനും റിസ്‌ക് കൂടിയ ആസ്തികളിലേക്ക് പണം ഒഴുകുന്നതു തടയാനും ഈ നടപടി ഉപകരിക്കും. ബാങ്കുകളുടെ വരുമാന വളർച്ചയിൽ ഇത് നേരിയ ഗുണമേ ചെയ്യൂ. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും മറ്റും വായ്പാ നിരക്കു വർധിക്കാനും ഉപഭോക്തൃ ഡിമാന്റ് കുറായനും സമ്പദ്‌വ്യവസ്ഥയിൽ പണം കൈമാറ്റം സുഗമമാക്കാനും ഈ നടപടി സഹായിക്കും.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)