വിശാഖപട്ടണം തുറമുഖത്ത് കനത്ത അഗ്‌നിബാധ,  25 ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു

വിശാഖപട്ടണം-തുറമുഖത്തുണ്ടായ കനത്ത തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. വിശാഖപട്ടണത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ തീപിടിത്തത്തില്‍ 25 ബോട്ടുകള്‍ കത്തിച്ചാമ്പലായതായാണ് വിവരം. ആകെ 40 ബോട്ടുകളില്‍ തീപടര്‍ന്നു. ഏകദേശം 30 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
ഏതോ സാമൂഹ്യവിരുദ്ധരാണ് ബോട്ടുകള്‍ക്ക് തീവച്ചതെന്നാണ് മത്സ്യതൊഴിലാളികള്‍ അറിയിച്ചത്. അതേസമയം ഒരു ബോട്ടിനുള്ളില്‍ പാര്‍ട്ടി നടന്നതായും ഇതിനെത്തുടര്‍ന്നുണ്ടായ തീപിടിത്തമാണ് ദുരന്തകാരണമായതെന്നും ചിലര്‍ പറയുന്നു.ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു.
തുറമുഖത്ത് നിരന്നുകിടന്നിരുന്ന ബോട്ടുകളെയൊന്നാകെ തീ വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചില ബോട്ടുകളില്‍ നിന്ന് ശക്തമായ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. രാത്രി 11.30ഓടെയാണ് തീപടര്‍ന്നതെന്നും ബോട്ടുകളില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചതെന്നും അതിനാല്‍ ആളുകള്‍ സ്ഥലത്തുനിന്ന് മാറാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പോലീസ് അറിയിച്ചു. കനത്ത നാശനഷ്ടമുണ്ടായെങ്കിലും അപകടത്തില്‍ ആരും മരിച്ചില്ലെന്നാണ് വിവരം. 
 

Latest News